തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക്കമരണം സംഭവിച്ച അച്ഛന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള അമ്മയുടെ തീരുമാനത്തിന് വിദേശത്തു നിന്നും മക്കളുടെ പിന്തുണ... അച്ഛനെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ അവയവങ്ങള്‍ അഞ്ചു പേരുടെ ജീവനില്‍ തുടിക്കുന്നതില്‍ ആശ്വാസം കണ്ടെത്തി മക്കള്‍
മസ്തിഷ്‌ക മരണം സംഭവിച്ച അച്ഛന്റെ അവയവങ്ങള്‍ ദാനംചെയ്യാനുള്ള അമ്മയുടെ തീരുമാനത്തിന് വിദേശത്തു നിന്നും മക്കളുടെ പിന്തുണ. മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോണ്‍ മാറനാട് ദേവിപ്രസാദത്തില്‍ പി.ശിവപ്രസാദി (58) ന്റെ കരളും വൃക്കകളും കണ്ണുകളും ദാനം ചെയ്തു. അച്ഛനെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ അവയവങ്ങള്‍ അഞ്ചു പേരുടെ ജീവനില്‍ തുടിക്കുന്നതില്‍ മക്കള്‍ ആശ്വാസം കണ്ടെത്തി. സര്‍ക്കാറിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് അവയവദാനം നടന്നത്. ലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശിവപ്രസാദിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്.
ഏപ്രില്‍ 27 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവയവദാനത്തിന്റെ സാധ്യതയെപ്പറ്റി ശിവപ്രസാദിന്റെ ഭാര്യ ഗിരിജാ പ്രസാദ് തന്നെയാണ് ആശുപത്രി അധികൃതരോട് ആരാഞ്ഞത്. അമ്മയുടെ ആഗ്രഹം വിദേശത്തുള്ള മക്കള്‍ ശരത് പ്രസാദും ശ്യാം പ്രസാദും അംഗീകരിച്ചു. ലോക് ഡൗണ്‍ കാരണം നാട്ടിലെത്താന്‍ കഴിയാതിരുന്ന മക്കള്‍ അമ്മയുടെ തീരുമാനത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. മുരളീധരന്റ നേതൃത്വത്തില്‍ അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള സംരക്ഷണ നടപടികള്‍ സ്വീകരിച്ചു.
സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ ഡി.എം.ഇ. ഡോ.എ.റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ.അജയകുമാര്‍, സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ്, നോഡല്‍ ഓഫീസര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ പ്രവര്‍ത്തനം അവയവദാതാവും സ്വീകര്‍ത്താക്കളുമായുള്ള ഏകോപനം വേഗത്തിലാക്കി.
ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലുമടക്കം അഞ്ചുപേര്‍ക്കാണ് അവയവങ്ങള്‍ നല്‍കിയത്. മെഡിക്കല്‍ കോളേജിലെ രോഗിക്ക് യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ പോറ്റി, ഡോ. ഉഷ (അനസ്‌തേഷ്യ) എന്നിവരുടെ നേതൃത്വത്തില്‍ വൃക്ക വച്ചുപിടിപ്പിക്കുകയും ചെയ്തു. വിദേശത്തായിരുന്ന ശിവപ്രസാദ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. അശ്വതി ജി.നായര്‍ മരുമകളാണ്. അവയവദാനത്തിന്റെ നടപടികള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെ ശിവപ്രസാദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും. ഉച്ചയ്ക്ക് ശേഷം എഴുകോണ്‍ മാറനാടില്‍ ശവസംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha


























