കായംകുളത്ത് ഡിവൈഎഫ്ഐയില്‍ കൂട്ടരാജി; 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 അംഗങ്ങളും രാജിവച്ചു

ആലപ്പുഴയിലെ കായംകുളത്ത് ഡിവൈഎഫ്ഐയില്‍ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 അംഗങ്ങളും രാജിവച്ചു. കായംകുളം എംഎല്‍എ യു. പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കും സിപിഎം ഏരിയാ കമ്മറ്റിക്കും പ്രവര്‍ത്തകര്‍ രാജിക്കത്ത് കൈമാറിയതായും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ നേതൃത്വം നിര്‍ദേശം നല്കി. അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് ഡിവൈഎഫ്ഐ നേതാക്കളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സിഐയെ പിന്തുണക്കുന്നത് എംഎല്‍എയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
രാജി അറിയിച്ചുകൊണ്ടുള്ള കത്തിൽ പറയുന്നതിങ്ങനെയാണ്:
''To,
സെക്രട്ടറി, സിപിഐ(എം), കായംകുളം ഏരിയാ കമ്മറ്റി
സഖാവെ,
കായംകുളത്തെ പൊലീസ് നിരന്തരമായി ഡിവൈഎഫ്ഐ സഖാക്കളെ ആക്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സഖാവ് സാജിദിന്‍റെ വീട്ടിൽ നിരന്തരമായ പ്രശ്നങ്ങളാണ് സിഐയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇത് കൂടാതെ എംഎൽഎ ഓഫീസ് സെക്രട്ടറി വിദ്യാസാഗർ, കഴിഞ്ഞ ദിവസം കായംകുളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിൽ വച്ച്, എന്ത് വിലകൊടുത്തും സഃ സാജിദിനെ സിഐ അറസ്റ്റ് ചെയ്യുമെന്ന് പറയുകയുണ്ടായി. അത് സിഐ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സിഐക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടിക്ക് കഴിയാത്തത് ഖേദകരമാണ്. ഈ കാരണത്താൽ താഴെ പറയുന്ന സഖാക്കൾ ഡിവൈഎഫ്ഐ പ്രവർത്തനത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുന്നു''
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ എംഎൽഎയെ കാണാനില്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളിൽ ചിലർ ഉന്നയിച്ചിരുന്നതാണ്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് യു പ്രതിഭ എംഎൽഎ സ്വന്തം ഫേസ്ബുക്ക് പേജിൽ മറുപടിയുമായി രംഗത്തെത്തിയത്. ഇതേ മറുപടിയിൽ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ അപമാനകരമായ പരാമർശങ്ങളോടെ വിമർശിക്കുകയും ചെയ്തു അവർ.
ഇതിനെല്ലാം പിന്നാലെയാണ് ഡിവൈഎഫ്ഐയിലെയും സിപിഎമ്മിലെയും ഈ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























