അവസാന ബാച്ച് ജീവനക്കാരും നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങി; ആശ്വാസമായി ആലപ്പുഴ

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷന്‍ വിഭാഗം ദിവസങ്ങളായി ശൂന്യം. ചികിത്സയിലിരുന്ന മുഴുവന്‍പേരും നിരീക്ഷണത്തില്‍ കഴിഞ്ഞവരും വീടുകളിലേക്ക് മടങ്ങി. ഇതോടെ ഐസൊലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അവസാന ബാച്ച് ജീവനക്കാരും നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങി.
ഇതുമൂലം പുതുതായി ജീവനക്കാരെ നിയോഗിച്ചിട്ടുമില്ല. രണ്ട് ഡോക്ടര്‍മാര്‍, 11 സ്റ്റാഫ് നഴ്‌സുമാര്‍, എട്ട് അറ്റന്‍ഡര്‍മാര്‍ എന്നിങ്ങനെ 21 പേരാണ് അവസാനബാച്ചിലുണ്ടായിരുന്നത്.ഐസൊലേഷന്‍ വിഭാഗത്തില്‍ ജോലി പൂര്‍ത്തിയാക്കി 14 ദിവസം മെഡിക്കല്‍ കോളേജില്‍ പ്രത്യേകമുറിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷമായിരുന്നു ഇവരുടെ മടക്കം. ചികിത്സയിലിരുന്ന മൂന്നുപേരില്‍ ഒരാള്‍ കഴിഞ്ഞമാസം 17നും മറ്റ് രണ്ടുപേര്‍ 20നുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഇതിന്റെ പിന്നാലെ നിരീക്ഷണത്തില്‍ കഴിഞ്ഞ നാലുപേരും ആശുപത്രി വിട്ടു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ഒരാള്‍ക്കു പോലും കൊവിഡ് സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയെ സര്‍ക്കാര്‍ ഗ്രീന്‍ സോണിൽ ഉള്പെടുത്തിയിരിക്കുകയാണ്.. നേരത്തെ ഓറഞ്ച് സോണിലായിരുന്നു ആലപ്പുഴ. ഗ്രീന്‍ സോണിലായെങ്കിലും ആരോഗ്യ നിരീക്ഷണവും ജാഗ്രതയും തുടരുകയാണ്. പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കു കൊറോണ വൈറസ് വ്യാപന സാദ്ധ്യത കൂടുതലായതിനാല്‍ അവര്‍ക്കു പ്രത്യേക ശ്രദ്ധ വേണ്ടിവരും.
അയല്‍ ജില്ലയായ കോട്ടയം റെഡ് സോണിലായതും കൊല്ലം, ആലപ്പുഴ അതിര്‍ത്തിയിലെ ഓച്ചിറ പഞ്ചായത്ത് ഹോട്ട് സ്‌പോട്ടായതുമാണ് ആലപ്പുഴയ്ക്കുള്ള വെല്ലുവിളി. കോട്ടയം, കൊല്ലം അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമായി തുടരുകയാണ്.ലോക്ഡൗണ്‍ നീട്ടിയതെത്തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടില്‍ പരിശോധന ശക്തമാക്കി.പൊലീസ് പട്രോളിംഗും ശക്തമാക്കി. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം അനുസരിച്ച് അനധികൃത വ്യാജവാറ്റു സംഘങ്ങളെ പിടി കൂടുന്നതിനും പൊലീസിനു കഴിഞ്ഞിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.
https://www.facebook.com/Malayalivartha


























