സഹോദരന്‍മാര്‍ അടക്കം 3 പേര്‍ കൂടി കാറളം കൊലപാതക കേസില്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട കാറളത്ത് ഭരണി ആഘോഷത്തിനിടെ നടന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുല്ലത്തറ ചങ്കരംങ്കണ്ടത്ത് സി.വി.വാസുവിന്റെ മകന്‍ വിഷ്ണു വാഹിദ് കുത്തേറ്റു മരിച്ച സംഭവത്തില്‍ 3 പേരെക്കൂടി കാട്ടൂര്‍ പൊലീസ് പിടികൂടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. 6 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൂമംഗലം എടക്കുളം സ്വദേശി ഈശ്വരമംഗലത്ത് അഗ്‌നിനേഷ് (21), സഹോദരന്‍ അഖില്‍ (22), കാറാളം താണിശ്ശേരി സ്വദേശി പുത്തുപ്പൂര വീട്ടില്‍ അക്ഷയ്(18) എന്നിവരെയാണ് ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ്, സിഐമാരായ എം.ജെ.ജിജോ, കെ.എസ്.സന്ദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വിഷ്ണു വാഹിദ് അടക്കമുള്ളവരെ കഴിഞ്ഞ ബുധനാഴ്ച കാറളം പള്ളത്തെ കെയ്ത്ത് കഴിഞ്ഞ പാടത്തേക്ക് തര്‍ക്കം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പ്രതികള്‍, സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ് 3 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എസ്‌ഐമാരായ വി.വി.വിമല്‍, കെ.എസ്.സുശാന്ത്, സീനിയര്‍ സിപിഒ സജീവ്കുമാര്‍, സിപിഒമാരായ മുരുകദാസ്, സജീവ് കുമാര്‍, ഷാനവാസ്, ഉണ്ണിക്കൃഷ്ണന്‍, വിപിന്‍ദാസ്, ധനേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























