മുണ്ടക്കയത്ത് പറത്താനം ടൗണില്‍ ഗുണ്ടാ ആക്രമണം; 9 പേര്‍ പിടിയില്‍

മുണ്ടക്കയത്ത് ശനിയാഴ്ച രാവിലെ അനസ്, സാദിഖ് എന്നീ യുവാക്കള്‍ പറത്താനം ടൗണില്‍ എത്തി ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ നശിപ്പിക്കാന്‍ ശ്രമം നടത്തി. നാട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ വാഹനത്തില്‍ കയറിപ്പോയി. ഉച്ചയ്ക്ക് 12-ന് രണ്ട് കാറിലും ഒരു പിക്കപ് ലോറിയിലും ഇവരുടെ സംഘം വീണ്ടും എത്തി ടൗണിലെ ഹോട്ടലിനു സമീപം കൂടി നിന്നവരെ ആക്രമിച്ചു.
ഹോട്ടലിന്റെ മുകള്‍ നിലയിലേക്ക് ഓടിക്കയറിയ ആളുകളെ സംഘം പിന്നാലെയെത്തി ആക്രമിച്ചു. പറത്താനം സ്വദേശികളായ ദീപു കുന്നേപ്പറമ്പില്‍, കലയത്തോലില്‍ തങ്കച്ചന്‍, പതാക്കുഴിയില്‍ വിനോദ്, വാലുപറമ്പില്‍ സുരേഷ്, മിഥുന്‍, രാഹുല്‍, ജിബിന്‍, രജ്ഞിത്ത്, ജോബിന്‍, ദീപു, സബിന്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ ഇവര്‍ വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു.
എന്നാല്‍ പൊലീസ് പിന്നാലെയെത്തി ബലപ്രയോഗത്തിലൂടെ ഒന്‍പത് പേരെ കീഴ്‌പ്പെടുത്തി. കഞ്ചാവ് കടത്ത് കേസുകളില്‍ മുന്‍പ് പിടിയിലായ യുവാക്കള്‍ ഉള്‍പ്പെടെയാണ് ഒന്‍പത് പേര്‍ അറസ്റ്റിലായത്. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. കൂട്ടിക്കല്‍ സ്വദേശികളായ പുതുപ്പറമ്പില്‍ അനസ് (ചിക്കു 30), പാറയ്ക്കല്‍ സക്കരിയ ഷുക്കൂര്‍ (ഹാജ 25), പുതുപ്പറമ്പില്‍ മുഹമ്മദ് രിഫായി ( അപ്പി 20), നാരകംപുഴ പാലക്കുന്നേല്‍ സാദിഖ് അഷറഫ് (29), ഇളംകാട് സ്വദേശികളായ ആലസംപാട്ടില്‍ മുഹമ്മദ് അന്‍വര്‍ഷാ (23), ഇളംകാട് പുതിയകത്ത് പി.എ റാഷിദ് (24), മുക്കുളം കടുംബശേരില്‍ ഷിബിന്‍ ബാബു (22), പാറത്തോട് പുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാമോന്‍ (19), പറത്താനത്ത് താമസിക്കുന്ന പാലമ്പ്ര കോഴിക്കുന്നേല്‍ സൂര്യജിത്ത് (19) എന്നിവരെയാണ് സി.ഐ വി. ഷിബു കുമാര്‍, എസ്‌ഐ കെ.ജെ മാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കാറില്‍ ഈരാറ്റുപേട്ട ഭാഗത്തേക്ക് കടന്ന മറ്റ് ആളുകളെ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചു. എസ്‌ഐ മാത്യു, ഷാജി, എഎസ്‌ഐ ഇക്ബാല്‍, സിപിഒമാരായ ബിബിന്‍ കരുണാകരന്‍, രഞ്ജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























