അനുസരണക്കേടിന് അധ്യാപകര്‍ ഇനി വെയിലുകൊള്ളും... ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെ ഇനി സര്‍ക്കാര്‍ വെയിലത്ത് നിര്‍ത്തി പൊരിക്കും... കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന സേവന വിഭാഗത്തിലേക്ക് അധ്യാപകരെ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെ ഇനി സര്‍ക്കാര്‍ വെയിലത്ത് നിര്‍ത്തി പൊരിക്കും. കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന സേവന വിഭാഗത്തിലേക്കാണ് അധ്യാപകരെ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പോലീസ്, ആരോഗ്യവകുപ്പ്, റവന്യു ജീവനക്കാര്‍ മാത്രമാണ് ഇക്കാലമത്രയും കോവിഡ് പ്രതിരോധ രംഗത്ത് സജീവമായിരുന്നത്.
മേയ് ഒടുവില്‍ കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്ന ജോലിയാണ് അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രവാസികളെ മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെയും അധ്യാപകര്‍ ക്വാറന്റെന്‍ കേന്ദ്രങ്ങളിലെത്തിക്കണം.
പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ കോവിഡ് രോഗം വ്യാപകമാകുമെന്ന ഭയം നിലനില്‍ക്കുമ്പോഴാണ് അവരെ സ്വീകരിക്കാന്‍ അധ്യാപകരെ ഏര്‍പ്പാടാക്കിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വിദ്യാഭ്യാസമന്ത്രിയാണ് ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കിയത്. പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കാസര്‍ഗോഡാണ്. പ്രവാസികളെയും ഇതര സംസ്ഥാനക്കാരെയും സംസ്ഥാനാര്‍ത്തിയായ തലപ്പാടിയില്‍ സ്വീകരിക്കുന്നതിന് വേണ്ടി 900 അധ്യാപകരെ വിട്ടുനല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ കാസര്‍കോട് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെയാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.24 മണിക്കൂര്‍ 3 ഷിഫ്റ്റായാണ് അധ്യാപകര്‍ ജോലി ചെയ്യേണ്ടത്. ഒരു ഹെല്‍പ്പ് ഡസ്‌കില്‍ 3 പേര്‍ വിതം 100 ഡസ്‌ക്കാണ് രൂപീകരിക്കുന്നത്. 300 അധ്യാപകരെ വീതം 3 ഷിഫ്റ്റാക്കും. ഇവരുടെ ആവശ്യത്തിനായി 75 ലാപ് ടോപ്പും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
900 അധ്യാപകരുടെ ലിസ്റ്റ് കാസര്‍ഗോഡ് കളക്ടര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കൈമാറി കഴിഞ്ഞു. പ്രവാസികള്‍ എത്തുന്നതിനു മുമ്പ് തന്നെ കളക്ടറേറില്‍ ഇവരെ ജോലിക്ക് നിയോഗിക്കാനാണ് തീരുമാനം.
കാസര്‍കോട് മോഡല്‍ മറ്റ് ജില്ലകളിലും ഉടന്‍ നടപ്പിലാക്കും. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ജില്ലകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങും. മേയ് മൂന്നാം വാരത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.
കേരളത്തില്‍ ജോലി തീരെ ചെയ്യാതിരിക്കുന്നത് അധ്യാപകര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.അതേ സമയം അധ്യാപകരുമായി സര്‍ക്കാര്‍ നല്ല ബന്ധത്തിലായിരുന്നു.എന്നാല്‍ ശമ്പളം പിടിക്കുന്ന ഉത്തരവ് കത്തിച്ച് അതിന്റെ ചിത്രം അധ്യാപകര്‍ തന്നെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സര്‍ക്കാര്‍ കണ്ണുതള്ളിയത്. ഓര്‍ഡിനന്‍സ് ഇറക്കി ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും അങ്ങനെ തന്നെയാണ്. ആര്‍ത്തിപണ്ടാരം എന്ന് അധ്യാപകരെ മന്ത്രി കടകംപള്ളി വിളിച്ചതും ഈ പശ്ചാത്തലത്തിലാണ്.
"
https://www.facebook.com/Malayalivartha



























