അടിമുടി കുഴഞ്ഞ് കോട്ടയം ജില്ലയെ ആശ്രയിക്കുന്നവർ; ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു; റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിനെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. രോഗം ബാധിച്ച രണ്ടു ചുമട്ടു തൊഴിലാളികളുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്. അഗ്‌നിരക്ഷാ സേന രണ്ടു തവണ ഇവിടെ അണുനശീകരണം നടത്തിയിരുന്നു.
റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കോട്ടയത്ത് കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ചന്ത ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം ഇന്നലെ വന്ന 191 ഫലങ്ങള്‍ നെഗറ്റീവ് ആണ്.
അവശ്യ സാധനങ്ങളുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍, എന്നിവയ്ക്കാണ് നഗരങ്ങളില്‍ അനുമതി നല്‍കിയത്. കൂടാതെ നിര്‍മ്മാണ സ്ഥലത്തു താമസിക്കുന്ന ജോലിക്കാരെ മാത്രം നിയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. മാര്‍ക്കറ്റുകളിലെ അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍,ഒറ്റപ്പെട്ട കടകള്‍ എന്നിവയ്ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്.
അതിർത്തികളിൽ പൂട്ട് വീണപ്പോൾ വലഞ്ഞത് മലയോരവാസികൾ. എന്തിനും ഏതിനും കോട്ടയം ജില്ലയെ ആശ്രയിക്കുന്ന അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കാണ് തിരിച്ചടി. കോട്ടയം ജില്ലയ്ക്ക് അതിരിടുന്ന 5 പഞ്ചായത്തുകളാണ് റാന്നി താലൂക്കിൽ ഉള്ളത്. നാറാണംമൂഴി, പെരുനാട്, വെച്ചൂച്ചിറ, പഴവങ്ങാടി, അങ്ങാടി എന്നിവയാണ് അവ. പമ്പാവാലി, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മണക്കയം, ചാത്തൻതറ, കൊല്ലമുള, വെച്ചൂച്ചിറ, വാകത്താനം, പ്ലാച്ചേരി, മക്കപ്പുഴ, ചേത്തയ്ക്കൽ, വലിയകാവ് എന്നീ ഗ്രാമങ്ങൾ റാന്നി താലൂക്കിൽ ആണെങ്കിലും ജനങ്ങൾ എപ്പോഴും ബന്ധപ്പെടുന്നത് കോട്ടയം ജില്ലയിലെ എരുമേലി, മുക്കൂട്ടുതറ, മുക്കട, പൊന്തൻപുഴ, കാഞ്ഞിരപ്പള്ളി, മണിമല തുടങ്ങിയ പ്രദേശങ്ങളുമായിട്ടാണ്.
കൊല്ലമുള , ചാത്തൻതറ മേഖലകളിൽ താമസിക്കുന്നവർക്ക് പനി വന്നാൽ ചികിത്സ തേടുന്നത് മുക്കൂട്ടുതറ, എരുമേലി ആശുപത്രികളെയാണ്. രോഗം കലശലായാൽ കാഞ്ഞിരപ്പള്ളിക്ക് നീങ്ങും. നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലാണ് എത്തുന്നത്. കോട്ടയം ജില്ലയിലെ എരുമേലി, മണിമല എന്നീ പഞ്ചായത്തുകളിലേക്കുള്ള വഴികൾ അടച്ചത് ജില്ലയുടെ അതിർത്തികളിൽ താമസിക്കുന്നവരുടെ ദുരിതം വർധിപ്പിച്ചു.
മീനും ഇറച്ചിയും വാങ്ങാൻ കഴിയുന്നില്ല. അതിർത്തിയിലെ താമസക്കാർ മണിമല എത്തിയാണ് മീനും പച്ചക്കറിയും ഇറച്ചിയുമൊക്കെ വാങ്ങിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കോട്ടയം ജില്ല റെഡ് സോണിലാണ്. പ്ലാച്ചേരി–എരുമേലി റോഡ് മാത്രമാണ് തുറന്നിരിക്കുന്നത്. കർശന പരിശോധന നടത്തിയാണ് ഇതുവഴി വാഹനങ്ങളും യാത്രക്കാരെയും കടത്തി വിടുന്നത്. 24 മണിക്കൂറും പരിശോധനയാണ്.
ജില്ലയിലെ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അംഗീകൃത വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് പ്രവര്‍ത്തനാനുമതി. ആദ്യ ഘട്ടത്തില്‍ മൊത്ത വ്യാപാരം മാത്രമായിരിക്കും അനുവദിക്കുക. ചില്ലറ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകാം.
ലോറികളില്‍ എത്തിക്കുന്ന പച്ചക്കറി ലോഡുകള്‍ ഇറക്കുന്നതിന് പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആറു മുതല്‍ എട്ടുവരെ പലചരക്ക് ഇനങ്ങള്‍ ഇറക്കാം. ഈ സമയക്രമം പാലിച്ചുമാത്രമേ ലോറികള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കൂ. എല്ലാ ലോറികളും മാര്‍ക്കറ്റിലേക്ക് പ്രവേശിക്കും മുമ്പ് അണുനശീകരണം നടത്തും. ലോഡ് ഇറക്കിയാലുടന്‍ ലോറികള്‍ മാര്‍ക്കറ്റില്‍നിന്ന് പുറത്തു പോകേണ്ടതാണ്. ലോറി ഡ്രൈവര്‍മാര്‍ക്കും ലോഡിംഗ് തൊഴിലാളികള്‍ക്കും ഭക്ഷണം ഹോട്ടലുകളില്‍നിന്ന് പാഴ്‌സലായി എത്തിച്ചു നല്‍കാം.
മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡറായ കോട്ടയം തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























