പനിയുടെ ലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്

കോവിഡിനു പുറമെ ഇതര പകര്‍ച്ചവ്യാധികള്‍ കൂടി തലപ്പൊക്കിത്തുടങ്ങിയതിനാല്‍ പനി ലക്ഷണം ഉള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്. എല്ലാറ്റിന്റെയും പൊതു ലക്ഷണം പനിയായതിനാല്‍ ആശുപത്രിയില്‍ നടത്തുന്ന വിശദ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാനാകൂ.
നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ അത്യാവശ്യ ചികിത്സ വേണ്ട രോഗികള്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. കഴിയുന്നതും ഫോണ്‍ വഴിയും മറ്റും ഡോക്ടറുടെ സേവനം തേടാനായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗത്തില്‍ തിരക്കു കുറഞ്ഞു. സ്വകാര്യ ആശുപത്രികളിലും ഒപി ചികിത്സ നാമമാത്രമാക്കി.
വേനല്‍മഴ പെയ്തതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കിത്തുടങ്ങി. പനി ലക്ഷണം ഉള്ളവര്‍ പോലും കോവിഡ് ഭീതിയിലും മറ്റും ആശുപത്രിയില്‍ എത്താന്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്. ഇത് കോവിഡിനൊപ്പം ഇതര പകര്‍ച്ചവ്യാധികളും രൂക്ഷമാക്കും. ഈ സാഹചര്യത്തില്‍ പനി ഉണ്ടെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നാണു നിര്‍ദേശം.
കോവിഡ് സാഹചര്യം തുടരുന്നതിനാല്‍ എത്തുന്ന രോഗികളെ മൂന്നു ഘട്ടമായുള്ള സ്‌ക്രീനിങ്ങിനു (ട്രയാജ് ക്യാംപെയിന്‍) വിധേയമാക്കിയാണു പരിശോധന. ഇതിനായുള്ള ത്രിതല സ്‌ക്രീനിങ് സൗകര്യം സജ്ജമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
ഒപി റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ രോഗികള്‍ എത്തുമ്പോള്‍ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു രേഖപ്പെടുത്തും. ഒപ്പം പനി, ചുമ, ശ്വാസ തടസ്സം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോ ? നിങ്ങളോ, കുടുംബത്തിലെ ആരെങ്കിലുമോ കഴിഞ്ഞ 2 മാസത്തിനുള്ളില്‍ വിദേശരാജ്യത്തു നിന്ന് എത്തിയിട്ടുണ്ടോ ? കോവിഡ് ബാധിതരോ, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ വീട്ടിലോ പരിസരത്തോ ഉണ്ടോ? ന്യൂമോണിയ/പനിയോടുകൂടിയ ശ്വാസം മുട്ടല്‍ രോഗവുമായി വീട്ടിലോ പരിസരത്തോ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ വീടിരിക്കുന്ന പ്രദേശം കഴിഞ്ഞ 2 മാസത്തിനിടെ ഹോട്‌സ്‌പോട്ട് ഏരിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.
ഇവയ്ക്കുള്ള ഉത്തരം ഇല്ല എന്നാണെങ്കില്‍ നേരെ ജനറല്‍ ഒപിയിലേക്കു കടത്തിവിടും. ഏതെങ്കിലും ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ അവര്‍ക്കു ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് നല്‍കി അടുത്ത മുറിയിലേക്കു മാറ്റും. ഇവിടെ വച്ച് സ്റ്റാഫ് നഴ്‌സ് രേഖപ്പെടുത്തിയ വിവരങ്ങള്‍ ഒന്നു കൂടി ഉറപ്പാക്കും. ശേഷം മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നാം ഘട്ട സ്‌ക്രീനിങ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കോവിഡ് നോഡല്‍ ഓഫിസറുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ രോഗിയെ അവിടേക്കു റഫര്‍ ചെയ്യും.
പാലക്കാട് ജില്ലയില്‍ എലിപ്പനി ലക്ഷണങ്ങളോടെ 3 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ജില്ലയില്‍ കുഴഞ്ഞുവീണു മരിച്ച പെണ്‍കുട്ടിയുടെ മരണകാരണവും ഡെങ്കിപ്പനിയാണ്. കല്ലടിക്കോട്, കടമ്പഴിപ്പുറം, കുമ്പിടി മേഖലകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























