അധ്യാപിക സ്കൂളിൽ തലകറങ്ങി വീണു; കോവിഡ് എന്ന് കരുതി തിരിഞ്ഞുനോക്കാതെ സഹാധ്യാപകർ

രണ്ടുമാസം ക്വാറൻറീനിൽ കഴിഞ്ഞ അധ്യാപിക പരീക്ഷ വാല്യുവേഷൻ ക്യാമ്പിൽ തലകറങ്ങി വീണു.അദ്ധ്യാപിക ഒരുമണിക്കൂറോളം അവശനിലയിലായിട്ടും കോവിഡ് പേടി മൂലം സഹാധ്യാപകർ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം . വ്യാഴാഴ്ച ഉച്ചയോടെ വെട്ടിമുകൾ സെന്റ് പോൾസ് സ്കൂളിലെ പരീക്ഷ വാല്യുവേഷൻ ക്യാമ്പിലാണ് മാഞ്ഞൂർ സ്വദേശിയായ അധ്യാപിക തലകറങ്ങി വീണത്.
രണ്ടുമാസം മുമ്പ് കാനഡയിൽനിന്ന് എത്തിയ അധ്യാപിക ഹോം ക്വാറൻറീനുശേഷം വ്യാഴാഴ്ച മുതലാണ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ, അലർജിമൂലം ശരീരത്തിൽ ചൊറിച്ചിലുണ്ടാവുകയും പിന്നീട് തലകറങ്ങുകയുമായിരുന്നു.
എന്നാൽ, വിവരം മറ്റുള്ളവർ അറിഞ്ഞിട്ടും ഇവരെ സഹായിക്കാനോ വേണ്ട പരിചരണം നൽകാനോ ആരും തയാറായില്ല. തുടർന്ന് അധ്യാപകർതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് ഒരുമണിക്കൂറിനുശേഷം ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് അസി. മെഡിക്കൽ ഓഫിസർ ഡോ. സജിത് കുമാർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകി.
പിന്നീട് വിവരമറിഞ്ഞെത്തിയ അധ്യാപികയുടെ ഭർത്താവ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്കുശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു.
ഇവർക്ക് കോവിഡ് സംബന്ധമായ ഒരു ലക്ഷണവുമില്ലായിരുന്നെന്നും പൊടി മൂലമുണ്ടായ അലർജിയാണ് കാരണമെന്നും ഡോ. സജിത്കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha


























