മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു
ബിജെപി നേതാവ് മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്. മനേക ഗാന്ധി മലപ്പുറത്തിനെതിരായ വ്യാജപ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് തങ്ങള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് സൈബര്‍ വാരിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
മനേകയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ്.ഒആര്‍ജി എന്ന വെബ്സൈറ്റാണ് സംഘം ഹാക്ക് ചെയ്തത്. ഇപ്പോള്‍ സൈറ്റ് തുറന്നാല്‍ സൈറ്റ് ഹാക്ക് ചെയ്തു എന്ന സന്ദേശമാണ് കാണുന്നത്. ആന കൊല്ലപ്പെട്ട വിഷയത്തില്‍ മനേക രാഷ്ട്രീയം കലര്‍ത്തിയെന്നും സൈറ്റില്‍ കേരള സൈബര്‍ വാരിയേഴ്സ് രേഖപ്പെടുത്തിയിരിക്കുന്നു. ആന കൊല്ലപ്പെട്ടത് എവിടെയാണെന്ന് രേഖപ്പെടുത്തിയ ഒരു ഭൂപടവും സൈറ്റില്‍ കാണാം. പാലക്കാടിനെ ഒഴിവാക്കി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ എന്തിന് ഉന്നം വെക്കുന്നു എന്ന് തങ്ങള്‍ക്കറിയാം. മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണമാണ് താങ്കള്‍ നടത്തുന്നത്. മലപ്പുറത്ത് ഹിന്ദുവും മുസ്ലിമും രമ്യതയോടെയാണ് കഴിയുന്നതെന്നും സൈറ്റില്‍ കേരള സൈബര്‍ വാരിയേഴ്സ് കുറിച്ചിരിക്കുന്നു.
സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്. നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തില്‍ കൊന്നൊടുക്കിയതെന്നും അവര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha