ദുരന്ത നിവാരണ പ്രവൃത്തിയില് ഉള്പ്പെടുത്തി ഇലന്തുകടവ് ഇരുമ്പ് പാലം പൊളിക്കല് ആരംഭിച്ചു

കോഴിക്കോട്ടെ കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയില് ഇലന്തുകടവിലെ പഴയ ഇരുമ്പുപാലം ദുരന്ത നിവാരണ പ്രവൃത്തിയില് ഉള്പ്പെടുത്തി മഴയ്ക്കു മുന്പ് അടിയന്തരമായി പൊളിച്ചു നീക്കാന് കലക്ടര് സാംബശിവറാവു ഉത്തരവ് നല്കി. കഴിഞ്ഞ പ്രളയത്തില് പാലത്തിന്റെ തൂണുകളില് വലിയ മരങ്ങള് തടഞ്ഞു പുഴ ഗതിമാറി ഒഴുകി സമീപ പുരയിടങ്ങളില് വെള്ളം കയറി വന് നാശനഷ്ടങ്ങളുണ്ടായിരുന്നു.
കലക്ടറുടെ ഉത്തരവിനെ തുടര്ന്ന് പാലം പൊളിച്ചുമാറ്റുന്ന ജോലികള് ആരംഭിച്ചു. എല്എസ്ജിഡി എന്ജിനീയര് വിഭാഗത്തിന്റെ നേതൃത്വത്തില് ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ചെയ്യുന്നത്.
1991-ല് വൈത്തിരിയിലുണ്ടായിരുന്ന പഴയ ഇരുമ്പ് പാലം പൊളിച്ചുകൊണ്ടുവന്ന് കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളും നാട്ടുകാരും ചേര്ന്നു സ്ഥാപിച്ചതാണ് ഈ പാലം. പാലത്തിന്റെ ഇരുമ്പ് കൈവരികള് അടക്കം ഗ്യാസ് കട്ടറുകള് ഉപയോഗിച്ചു മുറിച്ചു നീക്കുന്ന ജോലികള് ഇന്നലെ ആരംഭിച്ചു.
പൊതുമരാമത്ത് വകുപ്പ് പഴയ ഇരുമ്പ് പാലത്തിനോട് ചേര്ന്ന് 2017-ല് പുതിയ വലിയ പാലം നിര്മിച്ചതോടെ ഇരുമ്പ് പാലം ഉപയോഗമില്ലാതായി. കഴിഞ്ഞ പ്രളയത്തില് ഇരുമ്പ് പാലവും അനുബന്ധ റോഡുമായുള്ള ബന്ധം മണ്ണിടിച്ചിലില് വേര്പെട്ടു കിടക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ പുതിയ പാലത്തിനും പഴയ ഇരുമ്പുപാലത്തിനും ഇടയില് പുഴയില് ഒഴുക്കിനു തടസ്സമായി കിടക്കുന്ന വലിയ കല്ലുകള് മണ്ണ് മാന്തി യന്ത്രങ്ങള് ഉപയോഗിച്ചു നീക്കം ചെയ്യുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























