നാളെ മുതല് എല്ലാ സര്ക്കാര് ഓഫീസുകളും തുറക്കും

സംസ്ഥാനത്ത് ഹോട്ട്സ്പോട്ട്-കണ്ടെയ്ന്മെന്റ് സോണിലൊഴികെയുള്ള പ്രദേശങ്ങളില് എല്ലാ സര്ക്കാര് ഓഫീസുകളും തിങ്കളാഴ്ച്ച മുതല് പൂര്ണമായും തുറന്നുപ്രവര്ത്തിക്കാന് ഉത്തരവ്. പൊതുമേഖലാ സ്ഥാപനങ്ങളും അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പൂര്ണമായും തുറന്നുപ്രവര്ത്തിക്കാനും നിര്ദേശമുണ്ട്.
എല്ലാ ജീവനക്കാരും ഹാജരാകണം. വിവിധ കണ്ടെയ്ന്മെന്റ് സോണുകളില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് അതത് ജില്ലയ്ക്കുള്ളില് നിന്നുള്ള ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈംദിന പ്രവര്ത്തനങ്ങള് ക്രമീകരിക്കണം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച്ച പ്രവര്ത്തി ദിവസം ആയിരിക്കില്ല. പൊതുഗതാഗത സംവിധാനം ലഭ്യമല്ലാത്ത ഓഫീസുകളില് ഹാജരാകാന് കഴിയാതിരുന്ന ജീവനക്കാര് ജില്ലാ കലക്ട്രേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോര്ട്ട് ചെയ്തിരുന്നു. പ്രസ്തുത ജീവനക്കാര് അവിടങ്ങളില് നിന്ന് വിടുതല് വാങ്ങി ഡ്യൂട്ടി സര്ട്ടിഫിക്കറ്റ് സഹിതം അവരവരുടെ ഓഫീസുകളില് റിപ്പോര്ട്ട് ചെയ്യണം.
വര്ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും, അത്തരം ജീവനക്കാരുടെ ഹാജര്നില സംബന്ധിച്ച് മാര്ഗനിര്ദേശങ്ങള് ഓഫീസ് മേധാവികള് പ്രത്യേകം പുറപ്പെടുവിക്കണമെന്നും നിര്ദേശമുണ്ട്. ഒരു വയസില് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരായ ജീവനക്കാരെയും ഏഴ് മാസം പൂര്ത്തിയായ ഗര്ഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയില് നിന്ന് ഒഴിവാക്കണം. ഇവര്ക്ക് വര്ക്ക് ഫ്രം ഹോം ക്രമീകരണം ഏര്പ്പെടുത്തണം.
https://www.facebook.com/Malayalivartha


























