കോട്ടയത്തെ ഞെട്ടിച്ച് വീണ്ടുമൊരു ജസ്ന..! കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ബികോം വിദ്യാർത്ഥിയ്ക്കു വേണ്ടി കിടങ്ങൂരിൽ മീനച്ചിലാറ്റിൽ തിരച്ചിൽ; പത്തു മണിക്കൂറിലേറെ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല; ആൺസുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നു

കിടങ്ങൂരിൽ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശിയായ ബികോം വിദ്യാർത്ഥിനി മറ്റൊരു ജസ്നയാകുമോ..! രണ്ടു വർഷം മുൻപ് മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയുടേതിനു സമാനമായ തിരോഥാനമാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി സ്വദേശിയായ പെൺകുട്ടിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കാഞ്ഞിരപ്പള്ളി ,പൊടിമറ്റം പൂവത്തേട്ട് അഞ്ചു ഷാജി (20) യെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ പെൺകുട്ടി പരീക്ഷ എഴുതുന്നതിനായാണ് കിടങ്ങൂരിലെ കോളേജിൽ എത്തിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ കോളേജിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.
ശനിയാഴ്ച രാത്രി വൈകിയും കുട്ടി വീട്ടിൽ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയത്. തുടർന്നു, പൊലീസ് സംഘം പെൺകുട്ടിയുടെ കോളേജ് സ്ഥിതി ചെയ്യുന്ന കിടങ്ങൂർ പൊലീസിനു വിവരം നൽകി.
കിടങ്ങൂർ പൊലീസ് നടത്തിയ തിരച്ചിലിൽ കോളേജിനു സമീപത്ത് മീനച്ചിലാറിന്റെ മുകളിലൂടെ ഒഴുകുന്ന പാലത്തിലൂടെ പെൺകുട്ടി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് പാലത്തിന്റെ കരയിൽ പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയത്. ഇതേ തുടർന്നു പൊലീസ് ആറ്റിൽ തിരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡ്രൈവിംങ് സംഘവുമായി തിരച്ചിൽ ആരംഭിച്ചത്. എന്നാൽ, ഉച്ചയായിട്ടും യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ പൊലീസ് സംഘം അന്വേഷണം മറ്റുള്ള വഴികളിലേയ്ക്കു തിരിച്ചു വിടുകയായിരുന്നു. കുട്ടിയെ കാണാതായതായി കണ്ടെത്തിയ സാഹചര്യത്തിൽ കുട്ടിയുടെ അടുത്ത സുഹൃത്തിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. എന്നാൽ, കുട്ടി എവിടെയാണ് എന്ന് അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇതേ തുടർന്നു ഇയാളെ വിട്ടയച്ചെങ്കിലും നീരീക്ഷണത്തിൽ വച്ചിരിക്കുകയാണ്.
പഠനത്തിൽ മിടുമിടുക്കിയായിരുന്ന പെൺകുട്ടി കോപ്പിയടിച്ചെന്നു കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിയാണ് പെൺകുട്ടി. കുട്ടിയ്ക്കു പരീക്ഷയ്ക്കു സെന്ററായി അനുവദിച്ചത് ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജായിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ചു ബന്ധുക്കൾ കോളേജ് അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























