സഹോദരിയുടെ കാമുകനെ റോഡില് വെട്ടിവീഴ്ത്തി; ദുരഭിമാന വധശ്രമമെന്ന് പൊലീസ്

മൂവാറ്റുപുഴ പണ്ടിരിമല തടിയിലക്കുടിയില് 19-കാരനായ യുവാവിനെ പട്ടാപ്പകല് നടുറോഡില് കഴുത്തിനു വെട്ടിവീഴ്ത്തി. എറണാകുളത്തു സ്വകാര്യ ഇന്സ്റ്റിറ്റ്യൂട്ടില് ഓട്ടമൊബീല് എന്ജിനീയറിങ് വിദ്യാര്ഥിയായ അഖില് (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്. കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപം വച്ച്, അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില് എല്ദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് തിരയുന്നു.
മാസ്ക് വാങ്ങാന് മെഡിക്കല് ഷോപ്പിലെത്തിയ അഖിലിനെ ബേസില് വടിവാള് കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.
സഹോദരന് വടിവാളുമായി വീട്ടില്നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നല്കിയിരുന്നതായി പൊലീസ് പറഞ്ഞു. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസില് ശക്തമായി എതിര്ത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























