കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ആന്റിബോഡി പരിശോധന ഇന്ന് ആരംഭിക്കും

കേരളത്തില് കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ആന്റിബോഡി പരിശോധന ഇന്ന് ആരംഭിക്കും. ആരോഗ്യ പ്രവര്ത്തകരെയാണ് ഇന്നു പരിശോധിക്കുന്നത്. നാളെ മുതല് പരിശോധന നടത്തേണ്ട വിഭാഗങ്ങളെ ഇന്നു പിന്നീട് നിശ്ചയിക്കും.
പരിശോധനയ്ക്കു വിധേയമാക്കുന്നത്, കോവിഡ് പ്രതിരോധ ആരോഗ്യ പ്രവര്ത്തകര്, സമൂഹവുമായി ഇടപഴകുന്ന മാധ്യമപ്രവര്ത്തകര്, പൊലീസുകാര്, തദ്ദേശസ്ഥാപന ജീവനക്കാര്, അങ്കണവാടി ജീവനക്കാര്, റേഷന് കടകളിലെയും പലവ്യഞ്ജനക്കടകളിലെയും തൊഴിലാളികള്, ഇതര സംസ്ഥാനങ്ങളില് നിന്നെത്തുന്ന ലോറി ഡ്രൈവര്മാരുമായി സമ്പര്ക്കത്തിലുള്ളവര്, ചുമട്ടു തൊഴിലാളികള്, അതിഥി ത്തൊഴിലാളികള്. വഴിയോരക്കച്ചവടക്കാര്, വീടുകളില് ക്വാറന്റീനില് കഴിയുന്നവര്, 65 വയസ്സിനു മുകളിലുള്ളവര് എന്നിവരെയാണ്.
കോവിഡ് സ്ഥിരീകരിക്കുന്ന പിസിആര് പരിശോധന, മൂക്കിലൂടെയോ തൊണ്ടയിലൂടെയോ സ്രവം ശേഖരിച്ചാണു നടത്തുന്നത്. എന്നാല് കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ആന്റിബോഡി പരിശോധനയില് രക്തസാംപിള് ആണ് പരിശോധിക്കുന്നത്.
ആന്റിബോഡി പരിശോധനയില് രക്ത സാംപിള് ലാബിലെത്തി അരമണിക്കൂറിനുള്ളില് ഫലം ലഭിക്കും. ഇതേസമയം, ആന്റിബോഡി പരിശോധനയിലെ ഫലത്തിനു 100% കൃത്യത ഉറപ്പുനല്കാനാകില്ല. പോസിറ്റീവ് ആകുന്നവരില് സ്ഥിരീകരണത്തിനായി പിസിആര് പരിശോധന നടത്തും. പിസിആര് പരിശോധനയുടെ ഫലം ലഭിക്കാന് 24 മണിക്കൂര് വരെ വേണ്ടിവരും.
ആദ്യഘട്ടത്തില് 10000 കിറ്റുകളാണ് ജില്ലാ മെഡിക്കല് ഓഫിസര്മാര്ക്കു നല്കിയിട്ടുള്ളത്. ഇതില് കോവിഡ് കൂടുതല് സ്ഥിരീകരിച്ച പാലക്കാട്, കണ്ണൂര്, കാസര്കോട്, മലപ്പുറം, തൃശൂര്, തിരുവനന്തപുരം ജില്ലകളില് 1000 കിറ്റുകള് വീതം വിതരണം ചെയ്തു.
https://www.facebook.com/Malayalivartha


























