മാസ്ക് വാങ്ങാന് പോയ യുവാവിനെ വടിവാളുകൊണ്ട് വെട്ടി കാമുകിയുടെ സഹോദരന്; കേരളത്തില് വീണ്ടും ദുരഭിമാന കൊലപാതക ശ്രമം; 19 കാരന് ഗുരുതരാവസ്ഥയില്

കേരളത്തില് വീണ്ടും ദുരഭിമാന കൊലപാതക ശ്രമം. മൂവാറ്റുപുഴയിലാണ് യുവാവിനെ പട്ടാപ്പകല് നടുറോഡില് കഴുത്തിനു വെട്ടിവീഴ്ത്തിയത്. കാമുകിയുടെ സഹോദരനെ പൊലീസ് തിരയുന്നു. പണ്ടിരിമല തടിയിലക്കുടിയില് ശിവന്റെ മകന് അഖില് (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്. കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. എറണാകുളത്തു സ്വകാര്യ ഇന്സ്റ്റിറ്റ്യൂട്ടില് ഓട്ടോമൊബൈല് എന്ജിനീയറിങ് വിദ്യാര്ഥിയാണ്.
അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില് എല്ദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു.സഹോദരന് വടിവാളുമായി വീട്ടില്നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നല്കിയിരുന്നതായി പൊലീസ് പറഞ്ഞു. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസില് ശക്തമായി എതിര്ത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. മാസ്ക് വാങ്ങാന് മെഡിക്കല് ഷോപ്പിലെത്തിയ അഖിലിനെ ബേസില് വടിവാള് കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.
കണ്ണൂരിലും കോവിഡിനിടയില് ഇത്തരത്തിലൊരു സംഭവം ഉണ്ടായി. പാനൂര് കൂറ്റേരിയില് സഹോദരങ്ങള്ക്കാണ് വെട്ടേറ്റത്. പാനൂര് കൂറ്റേരിയിലെ കുല്ലമ്പില് താഴെ കുനിയില് നിഖിലേഷ് (29) നെ വെട്ടി പരിക്കേല്പ്പിക്കുകയും, സഹോദരന് മനീഷ് (27) നെ ക്രൂരമായി വെട്ടുകയും ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ബന്ധുവീട്ടില് ജോലി ചെയ്യുന്നതിനിടെ എട്ടംഗം അക്രമി സംഘം വീട്ടില് കയറി അക്രമിക്കുകയായിരുന്നു.
വലതുകൈക്കും, മുഖത്തും പരിക്കേറ്റ നിഖിലേഷിനെ തലശേരി ഇന്ദിരാ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മര്ദ്ദനമേറ്റ മനീഷും ആശുപത്രിയില് ചികിത്സ തേടി. അച്ഛന്റെ സഹോദരന്റെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്ക്കായി വീട് പെയിന്റ് ചെയ്യാന് പോയതാണ് ഇരുവരും. ടി.പി. ചന്ദ്രശേഖരന് വധത്തിലെ ശിക്ഷാതടവുകരായ കൊടി സുനിയുടെയും, മുഹമ്മദ് ഷാഫിയുടെയും പ്രദേശമാണിതെന്നും. പ്രതികള് സിപിഎമ്മുകാരാണെന്നുമാണ് വിവരം. കോറോണ കാലത്തും അക്രമം നടത്തുന്ന സിപിഎം സംഘം മാനവകുലത്തിനു തന്നെ അപമാനമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്.ഹരിദാസ് കുറ്റപ്പെടുത്തി. അക്രമികളെയും, നേതൃത്വം കൊടുത്തവരെയും ഉടന് അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























