മകളെ അവർ മാനസികമായി പീഡിപ്പിച്ചു; പഠനത്തിൽ മികവ് പുലർത്തിയിരുന്ന മകൾ കോപ്പിയടിച്ചെന്ന് വിശ്വസിക്കുന്നില്ല; കോളേജിനെതിരെ ബന്ധുക്കൾ

പാലാ ചേർപ്പുങ്കലിലെ ബി.വി.എം.കോളേജിൽ പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ കാണാതായതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തെരച്ചിൽ നടക്കുന്ന രണ്ടാം ദിനമാണ് ഇന്ന് . കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജി(20)യെയാണ് കാണാതായത്. ഇത് സംബന്ധിച്ച് ശനിയാഴ്ച രാത്രി വീട്ടുകാർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അഞ്ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേന മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിൽ ബി.കോം. വിദ്യാർഥിനിയായിരുന്ന അഞ്ജുവിന് സർവകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേർപ്പുങ്കലിലായിരുന്നു. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഇതേത്തുടർന്ന് അഞ്ജുവിനെ കാണാതാവുകയായിരുന്നുവെന്ന് അച്ഛൻ ഷാജി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന മകൾ കോപ്പിയടിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷാജി പറഞ്ഞു. കോളേജിനെതിരെയും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കോളേജ് അധികൃതർ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കിൽ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും അവർ ചോദിച്ചു. കാണാതായ സമയംമുതൽ ഞായറാഴ്ച മീനച്ചിലാറ്റിലെ തിരച്ചിൽ അവസാനിപ്പിക്കുന്നതുവരെ കോളേജ് അധികൃതർ തങ്ങൾക്ക് മുമ്പിൽ വരാത്തതെന്തെന്നും അവർ ചോദിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha


























