മണലിപ്പുഴയില് മൃതദേഹം കണ്ട സംഭവം കൊലപാതകം

മണലിപ്പുഴയിലെ കാഴ്ചക്കടവില് തൃശ്ശൂര് പുതുക്കാട് അഞ്ചേരി കുരുതിക്കുളങ്ങര കൂള ജെയ്സന്റെ (55) മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. സുഹൃത്ത് ഒല്ലൂര് പെരുവാകുളങ്ങര സ്വദേശി പൊന്തോക്കന് സൈമണ് (53) മാര്ച്ച് 17-ന് മണലിപ്പുഴയിലെ കാഴ്ചക്കടവില് തള്ളിയിട്ടു കൊല്ലുകയായിരുന്നുവെന്നാണ് കണ്ടെത്തല്.
തന്റെ വീട് വിറ്റു കിട്ടിയ തുകയില് നിന്ന് 5 ലക്ഷം രൂപ ജെയ്സന് ഓട്ടോ ഡ്രൈവറായ സൈമണിന് കടം നല്കിയിരുന്നു. പണം തിരിച്ചുതരാന് പലതവണ ആവശ്യപ്പെട്ടിട്ടും സൈമണ് കൊടുത്തില്ല. ഇക്കഴിഞ്ഞ മാര്ച്ച് 15-ന് ജയ്സനെ ഓട്ടോയില് കയറ്റി സൈമണ് മണലിപ്പുഴയോരത്ത് റോഡരികിലെത്തി. ഇരുവരും ചേര്ന്നു മദ്യപിച്ചുകൊണ്ടിരിക്കെ ജെയ്സനെ പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ജെയ്സന് മുങ്ങിമരിച്ചെന്ന് ഉറപ്പിച്ചശേഷം സൈമണ് വീട്ടിലേക്കു മടങ്ങി. 2 ദിവസത്തിനു ശേഷം നാട്ടുകാരാണു മൃതദേഹം കണ്ടത്. ഇതോടെ സൈമണ് ഒളിവില്പ്പോയി. ഇതിനിടെ ജെയ്സന് ആത്മഹത്യ ചെയ്തതാണെന്ന ധാരണ പരന്നു. തനിക്കെതിരെ അന്വേഷണം ഇല്ലെന്നു കരുതി സൈമണ് 10 ദിവസം മുന്പ് തിരിച്ചെത്തി.
എന്നാല്, ജെയ്സന്റെ മരണത്തില് സംശയം ഉണ്ടെന്ന് വീട്ടുകാര് പറഞ്ഞപ്പോള് മുതല് പൊലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാള് ശനിയാഴ്ച തലോരില് ഓട്ടോയുമായി എത്തിയതറിഞ്ഞ് പുതുക്കാട് പൊലീസ് ഇന്സ്പെക്ടര് എസ്.പി. സുധീരന്റെ നേതൃത്വത്തില് പിടികൂടുകയായിരുന്നു.
ചോദ്യംചെയ്യലില് സൈമണ് കുറ്റം സമ്മതിച്ചു. ജെയ്സണില് നിന്നു വാങ്ങിച്ച 5 ലക്ഷം രൂപ കുന്നംകുളത്ത് 4 ദിവസം ചീട്ടുകളിച്ചു കളഞ്ഞതായും സൈമണ് പറഞ്ഞു.
എസ്ഐമാരായ കെ.എന്. സുരേഷ്, ടി.പി. പോള്, എഎസ്ഐമാരായ റാഫേല്, ടി.എ. മുഹമ്മദ് റാഷി, എസ് സിപിഒ ഷാജു ചായേലി, സിപിഒ കെ.എസ്. സിജു എന്നിവര് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























