എം.സി. റോഡരികില് സാഹിത്യപ്രവര്ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അസ്ഥികൂടം

നാട്ടകം എം.സി. റോഡിനരികിലുള്ള മറിയപ്പള്ളിയിലെ സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. രണ്ടു മുതല് നാലു മാസം വരെ പഴക്കമുണ്ടാകാമെന്നാണു പ്രാഥമിക നിഗമനം. പുരയിടത്തിലെ പുളിമരത്തില് കുടുക്കിട്ട് തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുളിമരത്തില് കാവി മുണ്ട് ഉപയോഗിച്ച് കുടുക്കുണ്ടാക്കിയിരുന്നു.
ലിറ്റററി മ്യൂസിയം നിര്മ്മിക്കുന്നതിനായി, സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്ത്തിച്ചിരുന്ന സ്ഥലത്തിനു പിന്നില് കാടുപിടിച്ചു കിടക്കുന്ന സ്ഥലം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി തുടങ്ങിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്പതോടെ പ്രദേശത്തെ പുളിമരത്തില് പാന്റും അടിവസ്ത്രവും ധരിച്ച നിലയില് അസ്ഥികൂടം കണ്ടെത്തിയ തൊഴിലാളികള് വിവരം ചിങ്ങവനം പോലീസില് അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പ്രദേശത്തുനിന്ന് രണ്ടു മൊബൈല് ഫോണുകള് കണ്ടെത്തിയിരുന്നു. ഈ മൊബൈല് ഫോണുകള് ജെ.സി.ബി ജീവനക്കാര് പോലീസിനു കൈമാറിയിട്ടുണ്ട്. സമീപത്തെ വാട്ടര് ടാങ്കിന്റെ ചുവട്ടില്നിന്നു ചെരുപ്പും കണ്ടെത്തി.
ചങ്ങനാശേരി ഡിവൈ.എസ്.പി: വി.ജെ ജോഫി, ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര് ഇന്സ്പെക്ടര് ബിന്സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില് പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന്റെ തല വേര്പ്പെട്ട നിലയിലായിരുന്നു. തലയോട്ടിയില്നിന്നു താടിയെല്ലും പല്ലുകളും അടര്ന്നു മാറിക്കിടക്കുന്നുണ്ടായിരുന്നു.
അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. സമീപസ്റ്റേഷനുകളില് നിന്നുള്പ്പെടെ അടുത്തിടെ കാണാതായവരുടെ വിവരങ്ങള് പോലീസ് ശേഖരിക്കുന്നുണ്ട്. ഇന്ക്വസ്റ്റിനു ശേഷം അസ്ഥികൂടം കൂടുതല് വിശദമായ പരിശോധനകള്ക്കായി മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയിലേയ്ക്കു മാറ്റി. ശാസ്ത്രീയ അന്വേഷണ വിദഗ്ധരും ഫോറന്സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























