ഇല്ലിക്കല് കല്ലിന്റെ അന്തകനായ മങ്കൊമ്പ് ഗ്രാനൈറ്റ്സ് പാറമടയ്ക്ക് പൂട്ട് വീണു.... ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ടണ്കണക്കിന് പാറ ഇവിടെ നിന്നും അനധികൃതമായി പൊട്ടിച്ചു നീക്കിയതായി നാട്ടുകാര്

മൂന്നിലവ് പഞ്ചായത്തിലെ വെള്ളറയില് അനധികൃതമായി പ്രവര്ത്തിച്ചിരുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്സ് പാറമടയ്ക്കാണ് വില്ലേജ് ഓഫീസര് കഴിഞ്ഞ ദിവസം സ്റ്റോപ്പ് മെമ്മോ നല്കിയത്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ആവശ്യമായ രേഖകളില്ലാതെ ഖനനം നടത്തിയതിനാണ് നടപടി.
ഖനനം നടത്തുന്നത് നിരോധിച്ചതിനൊപ്പം നിലവില് പൊട്ടിച്ച് സൂക്ഷിച്ചിരിക്കുന്ന പാറക്കഷണങ്ങള് നീക്കം ചെയ്യാനും വിലക്കുണ്ട്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്ന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കല് കല്ല്. ദിവസേന ആയിര കണക്കിന് ടൂറിസ്റ്റുകള് ഇവിടെ എത്തുന്നുണ്ട്. എങ്കിലും ടൂറിസ്റ്റുകള്ക്ക് വളരെ പരിമിതമായ സൗകര്യങ്ങള് മാത്രമാണ് ഇവിടെയുള്ളത്.
ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ടണ്കണക്കിന് പാറ ഇവിടെനിന്ന് അനധികൃതമായി പൊട്ടിച്ചു നീക്കിയതായി നാട്ടുകാര് ആരോപിക്കുന്നു. ഇല്ലിക്ക കല്ലിന്റെ താഴ്ഭാഗത്തുനിന്നും പലപ്പോഴായി വലിയ പാറകള് വര്ഷങ്ങള്ക്കു മുമ്പ് അടര്ന്നു വീണിട്ടുള്ളതാണ്.
പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് ആളുകളുടെ ജീവന് അപായപ്പെടാതിരുന്നത്. എന്നാല് നിലവില് ഈ പാറമടയുടെ പ്രവര്ത്തനം നിര്ബാധം തുടര്ന്നാല് ഇല്ലിക്കല് കല്ല് ഉടന് താഴെയെത്തുമെന്ന് സേവ് ഇല്ലിക്കകല്ല് എഫ്. ബി കൂട്ടായ്മ ആരോപിക്കുന്നു.
അതു തന്നെയാണ് പാറമട ലോബിയുടെയും അധികൃതരുടേയും ഉദ്ദേശമെന്നും ഈ കൂട്ടായ്മ തുറന്നു പറയുന്നു. പാറമടയ്ക്കെതിരെ ശക്തമായ സോഷ്യല് മീഡിയ കാമ്പയിനും ഇവര് നടത്തുന്നുണ്ട്.
ഇല്ലിക്കകല്ലിലേയ്ക്ക് എത്തിപെടാനുള്ള റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. വലിയ ടോറസ് ലോറികള് രാപ്പകലില്ലാതെ നിര്ബാധം ഓടുന്നത് നാട്ടുകാരുടെ ജീവന് ഭീക്ഷണിയാണ്.
ഇതേ തുടര്ന്ന് നാട്ടുകാര് മുമ്പ് പലവട്ടം റോഡ് ഉപരോധിക്കുകയും ചെയ്തിട്ടുള്ളതാണ്. വീണ്ടും റോഡ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇല്ലിക്കല് കല്ല് സംരക്ഷിക്കാനും ടൂറിസത്തിന്റെ അനന്തസാധ്യതകള് സഞ്ചാരികള്ക്ക് ലഭ്യമാകും വിധത്തിലുള്ള വികസനം എത്തിക്കാന് അധികൃതര് നടപടിയെടുക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെടുന്നു. നിലവില് ടൂറിസം വകുപ്പാണ് ഇല്ലിക്ക കല്ലിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്.
ഇല്ലിക്കല് കല്ല് ഡി.റ്റി.പി.സി ക്ക് കൈമാറിയെന്നായിരുന്നു പ്രചരണങ്ങള് എങ്കിലും നിലവില് ഭൂമി ഇപ്പോഴും റവന്യൂ വകുപ്പിന്റെ കൈവശമാണെന്ന് വിവരാവകാശ രേഖകള് വ്യക്തമാക്കുന്നു. ഇത് പാറമടലോബിയെ സഹായിക്കാനാണെന്നും മറ്റ് കൈയേറ്റങ്ങള്ക്ക് ഇടയാക്കുമെന്നും നാട്ടുകാര് ആരോപിക്കുന്നു.
മൂന്നിലവ് പഞ്ചായത്തിനെ പാറമട ഫ്രീസോണ് ആക്കി മാറ്റണമെന്നാണ് പൊതുജന ആവശ്യം. പിന്നാക്ക വിഭാഗക്കാര് കൂടുതലായുള്ള മേഖലയില് നടത്തുന്ന ഖനനത്തില് നേരത്തേമുതല് പ്രതിഷേധങ്ങള് ഉയര്ന്നിരുന്നു. 2015 ലെ പരാതിയെ തുടര്ന്ന് പട്ടികജാതി പട്ടകവര്ഗ്ഗ കമ്മീഷന് ഇവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























