മീന്പിടിത്ത വള്ളം കടലില് മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനിയില് ശക്തമായ കാറ്റില് ഇന്നലെ മീന്പിടിത്ത വള്ളം കടലില് മറിഞ്ഞു. വൈകിട്ട് നാലരയോടെയാണ് അപകട വിവരം തീരദേശ പൊലീസ് സ്റ്റേഷനില് എത്തുന്നത്. ഉടന് തന്നെ രക്ഷാപ്രവര്ത്തനത്തിനുള്ള നടപടികള് തുടങ്ങിയെങ്കിലും തീരദേശ പൊലീസിന്റെ സുരക്ഷാ ബോട്ട് രക്ഷാപ്രവര്ത്തനത്തിനിറങ്ങുന്നതിനു മുന്പു തന്നെ, മീന്പിടിത്തം കഴിഞ്ഞ് കരയിലെത്തിയ ഷബാബ് എന്ന ബോട്ട് രക്ഷാപ്രവര്ത്തനത്തിനായി കടലിലേക്കു കുതിച്ചു.
കടലില് കുടുങ്ങിയ 3 തൊഴിലാളികളെ അവര് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. പൊന്നാനി സ്വദേശികളായ പുതുവീട്ടില് അബ്ദുല് കബീര് (31), ചന്തക്കാരന്റെ വീട്ടില് മന്സൂര് (28), രായന്മരക്കാരകത്ത് ഫാറൂഖ് (27) എന്നിവരാണ് അപകടത്തില്പെട്ടത്.
രക്ഷാപ്രവര്ത്തകര് എത്തുന്നതുവരെ തൊഴിലാളികള് കടലില് തുഴഞ്ഞുനില്ക്കുകയായിരുന്നു. കടലില് വലവിരിക്കുന്നതിനിടെയാണു വള്ളം മറിയുന്നത്. ഷബാബ് വള്ളത്തിലെ മത്സ്യത്തൊഴിലാളികള് ചേര്ന്ന് അപകടത്തില്പെട്ടവരെ രക്ഷപ്പെടുത്തി. അപ്പോഴേക്കും ഫിഷറീസിന്റെ സുരക്ഷാ ബോട്ട് അടുത്തെത്തി തുടങ്ങിയിരുന്നു. കടലില് ഒന്നര നോട്ടിക്കല് മൈല് അകലെയായിരുന്നു അപകടം. വലയും മറ്റ് ഉപകരണങ്ങളും കടലില് നഷ്ടമായി.
https://www.facebook.com/Malayalivartha

























