ശക്തമായ മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ പറമ്പിക്കുളം-ആനപ്പാടി റോഡില്‍ ഉണ്ടായ തടസ്സം നീക്കി

വ്യാഴാഴ്ച രാത്രിയില്‍ പറമ്പിക്കുളം-ആനപ്പാടി റോഡില്‍ തൂണക്കടവ് അണക്കെട്ടിനും വ്യൂ പോയിന്റിനും ഇടയില്‍ മുളങ്കൂട്ടവും മണ്ണും ഇടിഞ്ഞു റോഡിലേക്കു വീണു. ഇതോടെ സേത്തുമട-പറമ്പിക്കുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പറമ്പിക്കുളം വനമേഖലയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണു മണ്ണിടിച്ചില്‍ ഉണ്ടായത്.
ഇന്നലെ രാവിലെ മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ വനം ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു മണിക്കൂറുകളോളം പ്രവര്‍ത്തിച്ചാണ് റോഡില്‍ അടിഞ്ഞു കിടന്നിരുന്ന മണ്ണും മുളയും നീക്കി റോഡ് ഗതാഗത യോഗ്യമാക്കാന്‍ കഴിഞ്ഞത്. ഇന്നലെ രാവിലെ സുങ്കം ആദിവാസി കോളനിയിലെ മെഡിക്കല്‍ ക്യാംപിനെത്തിയ കെ.ബാബു എംഎല്‍എ, പഞ്ചായത്ത് അധ്യക്ഷ കെ. ബേബിസുധ എന്നിവര്‍ റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ നിര്‍ദേശങ്ങളുമായി ഒപ്പം ചേര്‍ന്നിരുന്നു.
രണ്ടു പ്രളയകാലത്തും മണ്ണിടിച്ചില്‍ ഉണ്ടായ പറമ്പിക്കുളത്തെ പൂപ്പാറ കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കം തുടങ്ങി. കോവിഡ് വ്യാപന സാധ്യത നില നില്ക്കുന്നതിനാല് കോളനിക്കാര്‍ പറമ്പിക്കുളം ടൈഗര്‍ ഹാളിലേക്കു വരാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് കോളനിക്കു സമീപം തന്നെ താമസ സൗകര്യമൊരുക്കുകയാണ്.
പൂപ്പാറ മുതുവാന്‍ ആദിവാസി കോളനിയില്‍ നിന്നും 3 കിലോമീറ്റര്‍ മാറി വനം വകുപ്പിന്റെ ക്യാംപ് ഓഫിസുമായി ബന്ധപ്പെട്ടു കോളനിയിലെ സ്ത്രീകളെയും കുട്ടികളെയും താമസിപ്പിക്കും. കോളനിക്കടുത്തു തന്നെയുള്ള സമതല പ്രദേശങ്ങളില്‍ ടാര്‍പോളിന്‍ ഉപയോഗിച്ചുള്ള ടെന്റ് കെട്ടി പുരുഷന്മാരെ താമസിപ്പിക്കും.
ആവശ്യമായ ജനറേറ്റര്‍, ടാര്‍പോളിന്‍ ഉള്‍പ്പെടെയുള്ളവ പൂപ്പാറക്കാര്ക്കു ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുത്തു നടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























