കാസര്‍കോട് ആധുനിക സൗകര്യങ്ങളോടെ വാതക ശ്മശാനം വരുന്നു

കാസര്‍കോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ മധൂരിലെ പാറക്കട്ടയില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വാതക ശ്മശാനം വരുന്നു. ആധുനിക സൗകര്യങ്ങളോടെ ശാസ്ത്രീയമായാണ് ശ്മശാനം ഒരുക്കുന്നത്. മൃതദേഹം ഉചിതമായി സംസ്കരിക്കുന്നതിന് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്തും മധുര് പഞ്ചായത്തും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്.
3 വര്‍ഷം മുമ്പ് തന്നെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം നീണ്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ നിര്‍മാണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കും. നിലവില്‍ കാസര്‍കോട് മേഖലയില്‍ പ്രവര്‍ത്തനക്ഷമമായ വാതക ശ്മാശാനമില്ല.
പാറക്കട്ടയിലുള്ള മധൂര്‍ പഞ്ചായത്തിന്റെ 50 സെന്റിലാണ് പദ്ധതി. പദ്ധതിക്കായി 90 ലക്ഷം രൂപയാണ് ചെലവഴിക്കുക. ബ്ലോക്കിന്റെ 56 ലക്ഷവും മധൂര്‍ പഞ്ചായത്ത് 34 ലക്ഷം രൂപയുമാണ് നീക്കിവച്ചത്. മൃതദേഹം ചിതയൊരുക്കിയാണ് ഇവിടെ ദഹിപ്പിച്ചിരുന്നത്. വാതക ശ്മശാനം പൂര്‍ത്തിയാകുന്നതോടെ ചിതയൊരുക്കി ദഹിപ്പിക്കുന്നതില്‍ നേരിടുന്ന പല പ്രയാസങ്ങളും ഒഴിവാക്കാന്‍ സാധിക്കും. എല്‍പിജി സിലിണ്ടറുകളാണ് ഉപയോഗിക്കുക. ദുര്‍ഗന്ധമില്ലാതെയും വേഗത്തിലും മൃതദേഹം സംസ്കരിക്കാന്‍ സാധിക്കും.
പദ്ധതി പൂര്‍ത്തിയായാല്‍ പിന്നീട് പഞ്ചായത്തിനായിരിക്കും നിയന്ത്രണ ചുമതല. ആദ്യ ഘട്ടത്തില്‍ സാങ്കേതിക വിദഗ്ധര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരെ സഹായിക്കും. ശ്മശാനത്തിന്റെ പൊതുവായ മൂകഭാവത്തെ പ്രസന്നമാക്കാന്‍ ചെടികളും മറ്റും പിടിപ്പിച്ച് സൗന്ദര്യവല്‍ക്കരണവും നടത്തും. അനുശോചനയോഗ ഹാളും ഒരുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























