തുടര്‍ ചികിത്സയ്ക്ക് ആയുര്‍വേദ ആശുപത്രിയില്‍... അടിയന്തരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്ന് എം ശിവശങ്കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിച്ചു

മെഡിക്കല്‍ കോളേജില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത എം.ശിവശങ്കര്‍ ആയുര്‍വേദ ആശുപത്രിയില്‍. വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് അഡ്മിറ്റായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നു തിങ്കളാഴ്ച വൈകുന്നേരം 5.20-ഓടെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ശിവശങ്കറിന് കാര്യമായ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഞായറാഴ്ച തന്നെ അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു.
നട്ടെല്ലിനു വേദനയുണ്ടെന്നും ദീര്‍ഘകാലമായി ചികിത്സ നടത്തുന്നുണ്ടെന്നും ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍, വിശ്രമിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് ശിവശങ്കര്‍ ആംബുലന്‍സില്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയത്.
നടുവേദന ഗുരുതരമല്ലെന്നും വേദന സംഹാരികള്‍ മതിയെന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. വീട്ടില്‍ പോയാല്‍ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്ന സംശയത്തിലാകാം ശിവശങകര്‍ നടുവേദന ചികിത്സയ്ക്കായി ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിച്ചതെന്നും കരുതുന്നു.
അതേസമയം വെള്ളിയാഴ്ച പൂജപ്പുരയിലെ വീട്ടില്‍നിന്നു ചോദ്യംചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോകവേയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ക്കുശേഷം ശനിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha