കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

തലസ്ഥാന ജില്ല മുതല്‍ പാലക്കാട് വരെ വ്യാപിച്ചു കിടക്കുന്ന കോടികളുടെ അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദമുന്നയിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷ് മുമ്പാകെയാണ് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍
കേസ് ഡയറി ഹാജരാക്കി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വാദിച്ചത്.
ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയോളം രൂപയുടെ തട്ടിപ്പ് കേസ് നിലവിലുണ്ട്. തുടര്‍ന്ന്മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.ജ്വല്ലറി ഉടമയും ഗ്രൂപ്പ് ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം അടക്കമുള്ള പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ടായെന്ന് ഇരകള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയിട്ടുണ്ട്.
മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2025 ജനുവരിയില്‍ പ്രതികള്‍ ഒളിവില്‍ പോയി. തട്ടിപ്പിനിരയായവരില്‍ 99.9 ശതമാനം പേരും മുസ്ലിംകളാണെന്നും നിക്ഷേപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചത്. 10 ശതമാനം ഏജന്‍സി കമീഷന്‍ നല്‍കിയതിനാല്‍ അവര്‍ വീടുകള്‍ കയറിയിറങ്ങി നല്ലനിലയില്‍ കാമ്പയിന്‍ നടത്തി.
വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലിപോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുത്തു. ആദ്യമൊക്കെ ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണ്. ചില കടകള്‍ പാതി തുറന്ന് പരാതിയുമായി വരുന്നവരില്‍നിന്ന് പണം 10 ദിവസത്തിനകം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപിച്ചപ്പോള്‍ നല്‍കിയ രേഖകള്‍ കൂടി തിരികെ വാങ്ങുകയാണ്. നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ ഇന്റര്‍നെറ്റ് കാളിലൂടെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.
പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ട്. കൊല്ലം ബീച്ച് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ മുക്തദിര്‍ ബ്രാഞ്ചായ അല്‍-ബാസിത് ജ്വല്ലറിയില്‍ മാത്രം അഡ്വാന്‍സ് ബുക്കിങ് നടത്തിയവരില്‍ നിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു. കൊല്ലം ജില്ലയിലെ മൂന്ന് ശാഖകളില്‍ മാത്രം 500ലേറെ നിക്ഷേപകരുണ്ട്. അഞ്ചുലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരാണിവര്‍. കഴിഞ്ഞ അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണ്.
https://www.facebook.com/Malayalivartha