ബോധക്കേടിന് പിന്നില്‍... മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയ ശിവശങ്കറിന് പറയാനുള്ളത് പരാതികള്‍ മാത്രം; മറ്റു ലക്ഷ്യങ്ങള്‍ക്കായി ക്രിമിനലിനെപ്പോലെ എല്ലാ അന്വേഷണ ഏജന്‍സികളും പ്രോസിക്യൂട്ട് ചെയ്യുന്നു; ക്രിമിനലിനെപ്പോലെ വേട്ടയാടുന്നു, നിര്‍ബന്ധിച്ച് ആശുപത്രി മാറ്റി; എത്രതവണ വേണമെങ്കിലും വന്നോളാം

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയ സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യേപേക്ഷയില്‍ പറയാനുണ്ടായിരുന്നത് വലിയ പേടിയായിരുന്നു. എല്ലൂരുമെന്ന് സത്യത്തില്‍ പേടിച്ചു. രാഷ്ട്രീയക്കളിയില്‍ താന്‍ കരുവാക്കപ്പെട്ടെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. ഇതാണല്ലേ ബോധക്കേടിന് കാരണമെന്നോര്‍ത്ത് കസ്റ്റംസിനും നാട്ടുകാര്‍ക്കും ചിരി പൊട്ടി. കരുവെന്ന വാക്ക് ചാനലിലൂടെ കേട്ടതോടെ കുരുവെന്നാണ് പലരും ധരിച്ചത്. കുരുപൊട്ടി എന്ന് കേട്ടിട്ടുണ്ട് കരുവോ അതെന്ത് സംഗതി.
കസ്റ്റംസ് കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ തന്റെ നിസഹായവസ്ഥയാണ് തുറന്ന് പറഞ്ഞത്. ഐഎഎസ് ഓഫിസറായ തന്നെ, മറ്റു ലക്ഷ്യങ്ങള്‍ക്കായി ക്രിമിനലിനെപ്പോലെ എല്ലാ അന്വേഷണ ഏജന്‍സികളും പ്രോസിക്യൂട്ട് ചെയ്യുകയാണ്. ഇങ്ങനെ പീഡിപ്പിക്കുന്നത് എന്തിനാണെന്നറിയില്ല.
കസ്റ്റംസ്, ഇഡി എന്നിവയ്ക്കു മുന്നില്‍ അറുപതിലേറെ തവണ ഹാജരായി; 90 മണിക്കൂര്‍ ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖബാധിതനായി; തകര്‍ന്നുപോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിനു വിധേയനാകാന്‍ തയാറായിരുന്നെങ്കിലും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതു കോടതി വിധി മറികടക്കാനുള്ള ശ്രമമാണ്. എത്രതവണ വേണമെങ്കിലും ഏത് അധികൃതരുടെ മുന്നിലും ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കസ്റ്റംസിനു ജസ്റ്റിസ് അശോക് മേനോന്‍ നിര്‍ദേശം നല്‍കി.
അതേസമയം രാഷ്ട്രീയം കളിക്കുന്നത് ശിവശങ്കറാണെന്നു കസ്റ്റംസ് പൊളിച്ചടുക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമായാണു ശിവശങ്കര്‍ പറയുന്നതെന്നും കസ്റ്റംസ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്താണു സംഭവിച്ചതെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിനെതിരായാണ് ഇപ്പോള്‍ ശിവശങ്കര്‍ പറയുന്നത്. സമന്‍സ് സ്വീകരിക്കാനും ഹാജരാകാനും ശിവശങ്കര്‍ വിസമ്മതിച്ചു. സഹകരിക്കാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നത്. 90 മണിക്കൂര്‍ ചോദ്യം ചെയ്തതു തങ്ങള്‍ മാത്രമല്ല. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ശിവശങ്കര്‍ വിസമ്മതിക്കുന്നതായും കസ്റ്റംസ് ചൂണ്ടിക്കാട്ടി
അന്വേഷണത്തിന്റെ ഭാഗമായി 600 മണിക്കൂര്‍ യാത്ര ചെയ്തതു മൂലം ശിവശങ്കറിനു നട്ടെല്ലിനു തകരാര്‍ സംഭവിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. വീട്ടില്‍വന്നു സമന്‍സ് നല്‍കിയപ്പോള്‍ സ്വന്തം കാറില്‍ ചെല്ലാമെന്നു പറഞ്ഞിട്ടും അനുവദിച്ചില്ല.
കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഭാര്യ അവിടെ ജോലിചെയ്യുന്നു എന്ന കാരണത്താല്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ച് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. എന്താണിതിനൊക്കെ കാരണമെന്നറിയില്ല. സമന്‍സില്‍ ഒന്നും പറഞ്ഞിട്ടില്ല. കസ്റ്റംസ് നല്‍കിയ നോട്ടിസില്‍ കേസ് നമ്പര്‍ പോലും ഇല്ലായിരുന്നു. അറസ്റ്റ് ചെയ്താല്‍ കസ്റ്റംസ് ശാരീരികമായി കൈകാര്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു. ഇതോടെയാണ് ശിവശങ്കറിന് വെള്ളിയാഴ്ച വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യില്ലന്നായതോടെ എം.ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. തൊട്ടുപിന്നാലെ വഞ്ചിയൂരില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. വൈകിട്ട് 5.30ന് മെഡിക്കല്‍ കോളജ് വിട്ട അദ്ദേഹം നടുവേദനയ്ക്ക് ചികിത്സ തേടി അതേ ആംബുലന്‍സില്‍ ആയുര്‍വേദ ആശുപത്രിയിലെത്തി. എത്ര ദിവസത്തെ ചികിത്സയെന്നു വ്യക്തമല്ല.
അതേസമയം കസ്റ്റംസും നിലപാട് കടുപ്പിച്ചിട്ടുണ്ട്. വിദേശയാത്രകള്‍, ഡോളര്‍ കടത്ത് എന്നിവയെക്കുറിച്ച് ശിവശങ്കറില്‍ നിന്നു നിര്‍ണായക ഉത്തരങ്ങള്‍ കിട്ടാനുണ്ട് എന്നാണു കസ്റ്റംസിന്റെ നിലപാട്.
https://www.facebook.com/Malayalivartha