മകനെ കാണാനില്ലെന്നു അച്ഛന്റെ പരാതി... പൊലീസ് അന്വേഷിച്ചപ്പോള്‍ മകന്‍ കുടുങ്ങിയത് 250 ഗ്രാം കഞ്ചാവുമായി; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ യുവാവിനെ കുടുക്കിയത് ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ നര്‍ക്കോട്ടിക് സ്പെഷ്യലിസ്റ്റ്

മകനെ കാണുന്നില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പിതാവിന്റെ പരാതി അന്വേഷിച്ച പൊലീസ് യുവാവിനെ 250 ഗ്രാം കഞ്ചാവുമായി പിടികൂടി. കഞ്ചാവ് കച്ചവടവും ബൈക്ക് മോഷണവും അടക്കം നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ യുവാവിനെയാണ് പാലാ പൊലീസ് അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിടികൂടിയത്. പാലാ വള്ളിച്ചിറ നെച്ചിപ്പൊഴൂര്‍ പള്ളിയാടിയില്‍ ഹൗസില്‍ സിജു സിബി (22)യെയാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെയാണ് സിജുവിനെ കാണാനില്ലെന്ന പരാതിയുമായി അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിജുവിനെ എക്സൈസ് സംഘം അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് സിജുവിനെ വീട്ടില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്നാണ് അച്ഛന്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. പിന്നീട്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിജു നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് എന്നു കണ്ടെത്തി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി എട്ടോളം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കു കേസുകളുണ്ടെന്നു പൊലീസ് കണ്ടെത്തി.
ഇതിനിടെ പ്രതിയെ പിഴക് ഭാഗത്തു കണ്ടതായി ഡിവൈ.എസ്.പി സാജു വര്‍ഗീസിനു രഹസ്യ വിവരം ലഭിച്ചു. ഇതേ തുടര്‍ന്നു, ഇദ്ദേഹത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എം.ഡി അഭിലാഷ്, ഗ്രേഡ് എസ്.ഐമാരായ തോമസ് സേവ്യര്‍, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നു പ്രതിയെ പിടികൂടി. തുടര്‍ന്നു, ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ തമിഴ്നാട്ടില്‍ നിന്നും ഒരു കിലോ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്നു കണ്ടെത്തിയത്.
തുടര്‍ന്നു, പൊലീസിലെ നര്‍ക്കോട്ടിക് സ്പെഷ്യലിസ്റ്റ് ഡോഗായ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഡോണിന്റെ സഹായത്തോടെ സിബിയുടെ വീടിന്റെ പരിസരത്ത് പൊലീസ് തിരിച്ചില്‍ നടത്തി. ഹാന്‍ഡ്ലര്‍മാരായ പ്രമോദ് തമ്പി, രാഹുല്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ തമിഴനാട്ടില്‍ നിന്നും എത്തിച്ച കഞ്ചാവില്‍ നിന്നും ബാക്കിയുണ്ടായിരുന്ന 250 ഗ്രാം കഞ്ചാവ് ഇവിടെ നിന്നും പൊലീസ് ഡോഗിന്റെ സഹായത്തോടെ കണ്ടെത്തി.
ബൈക്കിലെത്തി മാല മോഷ്ടിച്ചതിനും, കഞ്ചാവ് വില്‍പ്പന നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതിയോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് ഇയാള്‍ ഇടുക്കിയില്‍ നിന്നും കഞ്ചാവ് എത്തിച്ചത്. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജെസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha