രക്ഷിക്കണം സാറെ... എന്‍ഫോഴ്‌സ്‌മെന്റിനും കസ്റ്റംസിനും പിഴച്ച സ്ഥലത്ത് ആഞ്ഞടിക്കാന്‍ ചടുല നീക്കവുമായി എന്‍ഐഎ; ജാമ്യം പോലും കിട്ടാത്ത എന്‍ഐഎ കേസില്‍ കുരുക്ക് മുറുകുമ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഓടി ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍

വളരെ തന്ത്രപരമായ നീക്കം നടത്തിയിട്ടും സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ പൊക്കാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍. എന്‍ഫോഴ്‌സ്‌മെന്റിന് പിഴച്ചിടത്ത് വച്ച് ശിവശങ്കറിനെ പൊക്കിയ കസ്റ്റംസിനെ പറ്റിച്ച് ശിവശങ്കര്‍ ഐസിയുവിലായി. ഇതോടെ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഇതോടെ സിബിഐയും എന്‍ഐഎയും ശക്തമായി രംഗത്തെത്തി. എന്‍ഐഎ കേസില്‍ പെട്ടാല്‍ പെട്ടത് തന്നെ എന്ന് അറിഞ്ഞതോടെ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ഓട്ടത്തിലാണ് ശിവശങ്കര്‍.
അങ്ങനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഒക്ടോബര്‍ 22ന് കോടതി പരിഗണിക്കും. വിവിധ അന്വേഷണ ഏജന്‍സികള്‍ ഇതിനകം തന്നെ 100 മണിക്കൂറിലേറെ ചോദ്യം ചെയ്‌തെന്നും തന്നെ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലുമെന്നപോലെ എന്‍.ഐ.എയും തനിക്കെതിരെ നീങ്ങാന്‍ സാദ്ധ്യതയുണ്ടെന്നും അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നാണ് കസ്റ്റംസ് പറയുന്നത്. വിവിധ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴികളില്‍ പൊരുത്തമില്ലായ്മയും അവ്യക്തതയും. ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, കസ്റ്റഡിയില്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം അനുവദിക്കും. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനുള്ള നടപടിയുണ്ടാകും. വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞതിനാല്‍ കോടതിയില്‍ ശക്തമായ തെളിവ് നിരത്തി കസ്റ്റഡിയിലെടുക്കാനാണ് നീക്കം.
ശിവശങ്കറിന്റെ മൊഴികള്‍ പലതും കളവാണെന്നു കസ്റ്റംസ് പറയുന്നു. യു.എ.ഇ. കോണ്‍സല്‍ ജനറലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അതു നിഷേധിച്ചു. സ്വപ്‌ന വിളിച്ചിട്ടില്ലെന്ന വാദം തിരുത്തേണ്ടിവന്നു. രൂപ ഡോളറാക്കാന്‍ പ്രതികളെ സഹായിച്ചിട്ടില്ലെന്നു പറഞ്ഞതും ശരിയല്ലെന്നു വ്യക്തമായി. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ മൊഴി വിശദമായി പരിശോധിക്കുകയും തെളിവെടുക്കുകയും വേണം. ആ ഘട്ടത്തില്‍ മറ്റ് അന്വേഷണ ഏജന്‍സികളുമായി ഏകോപനം ഉറപ്പാക്കും.
സ്വര്‍ണക്കടത്ത് കേസിലെ നാലു പ്രധാന പ്രതികളുമായി ശിവശങ്കറിനു നല്ല അടുപ്പമുണ്ട്. നേരത്തേയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ പ്രതികളായ ഇവരുമായുള്ള ബന്ധം ദുരൂഹമാണ്. 30 കിലോ സ്വര്‍ണം പിടികൂടിയപ്പോഴും ഒളിവിലിരിക്കെയും സ്വപ്‌ന ശിവശങ്കറിനെ വിളിച്ചു സഹായം തേടിയിരുന്നു. ലൈഫ് മിഷന്‍ കെട്ടിടനിര്‍മാണക്കരാറിലെ കമ്മിഷനില്‍ 1.8 കോടി രൂപ ഡോളറാക്കി കോണ്‍സുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരന്‍ വഴി കടത്തിയിരുന്നു. ഡോളറാക്കാന്‍ സ്വകാര്യ ബാങ്ക് മാനേജരെ ശിവശങ്കറാണു സ്വാധീനിച്ചതെന്നു സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ കസ്റ്റംസിന്റെ കൈയിലുണ്ട്.
പലവട്ടമുള്ള ചോദ്യംചെയ്യലില്‍ എല്ലാം നിഷേധിക്കുകയാണു ശിവശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും സ്വപ്‌നയും സംയുക്തമായെടുത്ത ബാങ്ക് ലോക്കറില്‍നിന്ന് ഒരു കോടിയോളം രൂപ പിടിച്ചിരുന്നു. പണം കോണ്‍സല്‍ ജനറലും ഷാര്‍ജ ഭരണാധികാരിയും സമ്മാനമായി നല്‍കിയതാണെന്നു സ്വപ്‌നയും താന്‍ കമ്മിഷനായി കൊടുത്തതാണെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സ്വര്‍ണക്കടത്തു വരുമാനമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റും പറയുന്നു. ഇക്കാര്യത്തിലും വ്യക്തത ആവശ്യമാണ്.
സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് നടത്തിയ വിദേശയാത്രകള്‍ പലതും സ്വകാര്യ സന്ദര്‍ശനമാണ്. സര്‍ക്കാര്‍ ആവശ്യത്തിനായിരുന്നു യാത്രയെന്നു ശിവശങ്കര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചെലവ് വഹിച്ചതു സ്വപ്‌നയാണ്. ഇതെല്ലാം നിരത്തിയായിരിക്കും കസ്റ്റംസ് വാദിക്കുക. എന്നിട്ടും ശിവശങ്കര്‍ ഊരിയാല്‍ പിന്നെ എന്‍ഐഎയുടെ വരവായിരിക്കും.
"
https://www.facebook.com/Malayalivartha