അധികൃതരുടെ അനാസ്ഥയാണ് ഹാരിസിന്റെ മരണത്തിന് കാരണമെന്നതിനാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍

എറണാകുളം മെഡിക്കല്‍ കോളജ് ഐ സി യു-വിലെ അധികൃതരുടെ അനാസ്ഥയാണ് സി.കെ. ഹാരിസിന്റെ മരണത്തിനു കാരണമെന്ന് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം പൊലീസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തില്‍ വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാലാണ് ഹാരിസ് മരിച്ചതെന്ന്് പറയുന്നത് ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും പരാതിയിലുണ്ട്. ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം.
വന്‍ തുക വരുന്ന ഉപകരണം ഹാരിസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തങ്ങളെക്കൊണ്ടു നിര്‍ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചുവെങ്കിലും അതുപയോഗിച്ചില്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മരണശേഷം ഈ ഉപകരണം കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്ക് അതിന്റെ പണം മടക്കി നല്‍കി. മരണത്തെപ്പറ്റി അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കലക്ടര്‍ എന്നിവരെ കണ്ടു പരാതി നല്‍കുമെന്ന് ഹാരിസിന്റെ സഹോദരിമാര്‍ അറിയിച്ചു.
അതിനിടെ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.സതീഷ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ പി. വാഴയില്‍ എന്നിവര്‍ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് നഴ്‌സിങ് ഓഫിസര്‍ ജലജാ ദേവിയുടെ ശബ്ദസന്ദേശത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അസത്യമാണെന്ന് അറിയിച്ചു. ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടിയുള്ള സ്വന്തം സൃഷ്ടിയായിരുന്നു ഈ സന്ദേശമെന്നും അതില്‍ സൂചിപ്പിച്ച പ്രശ്‌നങ്ങളൊന്നും യഥാര്‍ഥമല്ലെന്നും നഴ്‌സിങ് ഓഫിസര്‍ വ്യക്തമാക്കിയതായി അവര്‍ പറഞ്ഞു. ഹാരിസ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഈ അവസ്ഥയില്‍ രോഗിയെ വാര്‍ഡിലേക്കു മാറ്റുമെന്നു ശബ്ദസന്ദേശത്തില്‍ പറയുന്നത് അശാസ്ത്രീയമാണ്. എന്‍ഐവി വെന്റിലേറ്ററിന്റെ ശ്വസന സഹായി ഒരു കാരണവശാലും ഊരിപ്പോകില്ലെന്നും അവര്‍ പറഞ്ഞു.
ജൂലൈ ഇരുപതിനോ തൊട്ടടുത്ത ദിവസങ്ങളിലോ കോവിഡ് മൂലം മരണമടഞ്ഞവരുടേതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ ഹാരിസിന്റെ പേരില്ല. തന്മൂലം മരണസമയത്തു സി.കെ. ഹാരിസ് കോവിഡ് പോസിറ്റീവോ നെഗറ്റീവോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. എന്നാല്‍ കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലിരിക്കെയാണ് ഹാരിസ് മരിച്ചതെന്ന് എറണാകുളം മെഡിക്കല്‍ കോളജ് അധികൃതര്‍, വിവാദത്തിനു പിന്നാലെ ഇന്നലെ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിക്കുന്നില്ലെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. മരിക്കുന്നതിനു മുന്‍പ്് കോവിഡ് നെഗറ്റീവായവരെയും, കോവിഡ് മരണത്തിന്റെ പട്ടികയില്‍ ചേര്‍ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം. രോഗം ഭേദമായ ശേഷമുള്ള മരണമാണെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ഹാരിസിന്റെ പേര് സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെടുത്താത്തതെങ്കില്‍ ഇദ്ദേഹം വാര്‍ഡിലേക്കു മാറ്റാവുന്ന രീതിയില്‍ സുഖം പ്രാപിച്ചിരുന്നുവെന്ന ശബ്ദസന്ദേശം വിശ്വസിക്കേണ്ടി വരും.
https://www.facebook.com/Malayalivartha