തകര്‍ന്ന കാട്ടുപാതയിലൂടെ ആശുപത്രിയിലെത്തും മുമ്പ് ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു!

വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ 24-വയസ്സുകാരി ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ആനമറി - പുഞ്ചക്കൊല്ലി കാട്ടുപാതയില്‍ താനിക്കയറ്റത്തില്‍ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.
ആനമറി മുതല്‍ പുഞ്ചക്കൊല്ലി വരെ 3 കിലോമീറ്ററോളം വരുന്ന കാട്ടുപാത തകര്‍ന്ന് കിടക്കുന്നതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാലാണ് യുവതി കാട്ടുപാതയില്‍ പ്രസവിച്ചത്. ജനവാസ കേന്ദ്രത്തില്‍ നിന്നു 4 കിലോമീറ്ററോളം അകലെ ഉള്‍ക്കാട്ടിലുള്ള കോളനിയില്‍ നിന്നും യുവതിയുമായുള്ള ആശുപത്രി യാത്ര ദുഷ്‌കരമായി. ഒരു കിലോമീറ്ററോളം ദൂരം ഗര്‍ഭിണിയുമായി വീട്ടുകാര്‍ നടക്കുകയായിരുന്നു.
കഴിഞ്ഞ പ്രളയത്തില്‍ പാലം തകര്‍ന്നതിനാല്‍ പുന്നപ്പുഴയിലെ പുഞ്ചക്കൊല്ലി കടവില്‍നിന്ന് ചങ്ങാടത്തില്‍ ഇക്കരയെത്തിച്ചതിനു ശേഷം ഇവിടെ നിന്നു ജീപ്പില്‍ കയറ്റി. വഴിയില്‍വച്ച് പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയില്‍ ഇറക്കിക്കിടത്തുകയായിരുന്നു. 10 മിനിറ്റിനകം പ്രസവിച്ചു.
വിവരമറിഞ്ഞ് വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നു സംഘമെത്തി ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha