ഉമ്മാക്കി കുറേ കണ്ടതാ... ഇ.ഡിയെ പൂട്ടാനായി ബാലാവകാശ കമ്മീഷന്‍, സംസ്ഥാന പോലീസ്, നിയമസഭ സമിതി; നിര്‍ണായക നീക്കം നടത്തി പുതിയ ഇഡി ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദ്‌ര; എല്ലാ പദ്ധതികളും അറിയാവുന്ന ശിവശങ്കറില്‍ നിന്നും പരമാവധി തെളിവുകള്‍ ശേഖരിച്ച് ആഞ്ഞടിക്കാന്‍ ഇ.ഡി

സംസ്ഥാനത്തെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാന്‍ സര്‍ക്കാരും സഖാക്കളും ശ്രമിക്കുമ്പോള്‍ അതേ ആര്‍ജവത്തോടെ നിയമപരമായി നേരിടാനൊരുങ്ങി ഇ.ഡി. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് മറയാക്കി ബാലാവകാശ കമ്മീഷനും സംസ്ഥാന പോലീസും ഇഡിക്കെതിരെ തിരിഞ്ഞിരുന്നു. അവര്‍ ഇഡിയ്‌ക്കെതിരെ കേസ് എടുത്തതായും പറയുന്നു. അതിന് പിന്നാലെയാണ് നിയമസഭാ സമിതിയുടെ നോട്ടീത്. അതേസമയം തോറ്റ് പിന്‍മാറേണ്ടതില്ലെന്ന് രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇതിനായി പുതിയ ഇഡി ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദ്‌രയെ കൊച്ചിയിലേക്ക് അയക്കുകയും ചെയ്തു. ചുമതലയേറ്റ ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദ്‌രയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കേസുകളുടെ പുരോഗതി വിലയിരുത്തി.
കെ ഫോണ്‍, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ഫയലുകള്‍ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ പിന്നാക്കം പോകേണ്ടെന്നാണു തീരുമാനം. ഇഡിയുടെ വിപുലമായ അധികാരങ്ങള്‍ പ്രയോഗിച്ച് മുന്നോട്ടുപോകും. അന്വേഷണത്തിന്റെ ഭാഗമായി ഏതു ഫയല്‍ വിളിപ്പിക്കാനും അധികാരമുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന മറുപടി ഈയാഴ്ച തന്നെ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു നല്‍കും. സംസ്ഥാനത്തിന്റെ വികസനവുമായി അന്വേഷണത്തെ ബന്ധിപ്പിക്കുന്നത് ദുര്‍വ്യാഖ്യാനമാണെന്നു വ്യക്തമാക്കുന്ന മറുപടി അന്വേഷണ ഏജന്‍സി കൈമാറും.
ലൈഫ് മിഷന്‍ പദ്ധതിയില്‍ പ്രതികള്‍ കമ്മിഷന്‍ കൈപ്പറ്റിയതു വ്യക്തമാക്കുന്ന രേഖകള്‍ വച്ചാണ് മറ്റു പദ്ധതികളിലേക്കും അന്വേഷണം. എം. ശിവശങ്കര്‍ ഐടി സെക്രട്ടറിയായിരുന്ന കാലത്ത് പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്വപ്‌ന സുരേഷിനു സ്വകാര്യമായി കൈമാറിയിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.
അതിനിടെ, ബിനിഷ് കോടിയേരിയെ പത്തു ദിവസത്തോളം കസ്റ്റഡിയില്‍ ചോദ്യംചെയ്ത ഇ.ഡിയുടെ പുതിയ നീക്കങ്ങള്‍ അഞ്ച് കമ്പനികളിലേക്കുകൂടി നീളും. കോവിഡിന്റെ പേരില്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം എം. ശിവശങ്കര്‍ വഴി കമ്മീഷനുകളും അതിരുവിട്ട ഇടപാടുകളും കണ്ടെത്താനാകുമെന്നാണ് ഇഡി കരുതുന്നത്. അതിനിടെ സംസ്ഥാനത്തെ വിവിധ ഐടി സ്റ്റാര്‍ട്ടപ്പുകളില്‍ ശിവശങ്കറിനു ബിനാമി നിക്ഷേപമുണ്ടെന്നു സംശയവും ബലപ്പെട്ടു. 2016 മുതലുള്ള സ്റ്റാര്‍ട്ടപ്പുകളെപ്പറ്റി ഐടി വകുപ്പിനോട് ഇ.ഡി. റിപ്പോര്‍ട്ട് തേടി. സംശയമുള്ളവ വിശദമായി പരിശോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെത്തന്നെ ഐടി വകുപ്പിന്റെ ചുമതലയും ശിവശങ്കറിനായിരുന്നു. വിവിധ പദ്ധതികളില്‍നിന്നു സ്വന്തമാക്കുന്ന കമ്മീഷന്‍ വിദേശത്തേക്കു കടത്തിയെന്നും പ്രവാസികളായ ഐടി. പ്രഫഷണലുകളെ ബിനാമികളാക്കി സ്റ്റാര്‍ട്ടപ്പുകളില്‍ പണമിറക്കിയെന്നുമാണു കരുതുന്നത്. പലതിലും സര്‍ക്കാരിലെ ഉന്നതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കള്ളപ്പണത്തിലൂടെ ഓഹരി പങ്കാളിത്തമുണ്ടെന്ന സൂചനയാണ് ഇ.ഡിക്കു മുന്നിലുള്ളത്. അന്വേഷണ ഏജന്‍സികള്‍ സംശയിക്കില്ലെന്ന നിഗമനവും ചെറിയ മുതല്‍മുടക്കില്‍ ഏറെ കാത്തിരിക്കാതെ ലാഭമുണ്ടാക്കാമെന്ന ആകര്‍ഷണവുമാണ് ഐടി രംഗം തെരഞ്ഞെടുക്കാന്‍ കാരണം. സര്‍ക്കാരിന്റെ വന്‍തോതിലുള്ള സഹായം പ്രയോജനപ്പെടുത്തി മിക്ക സ്റ്റാര്‍ട്ടപ്പുകളും ചുരുങ്ങിയ സമയംകൊണ്ടു ലാഭത്തിലെത്തി.
കൊച്ചി, തിരുവനന്തപുരം സ്റ്റാര്‍ട്ടപ്പ് വില്ലേജുകളില്‍ ശിവശങ്കറിന്റെ അടുപ്പക്കാര്‍ക്കായിരുന്നു ചുമതല. ശിവശങ്കറിന്റെ ഒത്താശയോടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ വിദേശത്തേക്കു വന്‍തുകയുടെ ഡോളര്‍ കടത്തിയതും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരില്‍ പലരും വലിയ മുതല്‍മുടക്കിനു കഴിവുള്ളവരല്ലെന്നും കണ്ടെത്തിയതാണ് ഈ ദിശയില്‍ അന്വേഷണത്തിനു പ്രേരണയായത്. വൈകുന്നേരങ്ങളില്‍ സ്വപ്‌നയും ശിവശങ്കറും ഓഫീസില്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. എന്തായാലും കൊച്ചിയില്‍ പുതിയ ഇഡി ജോയിന്റ് ഡയറക്ടര്‍ എത്തിയതോടെ കളി മാറുകയാണ്.
"
https://www.facebook.com/Malayalivartha