കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം. സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു. ഘടക കഷി സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നത് ഒഴിവാക്കാനാണ് നീക്കം.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കണമെന്ന ആവശ്യം ഉന്നയിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുന്നണി വിപുലീകരണം ചര്‍ച്ചയായില്ല. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ ഒന്നും പരാമര്‍ശിച്ചില്ല.
നിലമ്പൂര്‍ തെരഞ്ഞെടുപ്പിലുണ്ടായത് തിളക്കമാര്‍ന്ന വിജയമെന്ന് യോഗം വിലയിരുത്തി. ഭരണ വിരുദ്ധ വികാരം അലയടിച്ചെന്നും പിവി അന്‍വര്‍ സിപിഎം വോട്ടുകള്‍ പിടിച്ചുവെന്നും വിലയിരുത്തിയെങ്കിലും അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന് മുന്നണിയില്‍ ആരും ആവശ്യപ്പെട്ടില്ല. അന്‍വറിന്റെ മുന്നണി പ്രവേശം സമയാകുമ്പോള്‍ ആലോചിക്കാമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.
അതേസമയം കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ വീണ്ടും എക്‌സ് പോസ്റ്റുമായി കോണ്‍ഗ്രസ് എം പി മാണിക്കം ടാഗോര്‍ രംഗത്ത്. തരൂര്‍ ബിജെപിയുടെ തത്തയായോയെന്ന് മാണിക്കം ടാഗോര്‍. അനുകരണം പക്ഷികള്‍ക്ക് നല്ലതാണ്, രാഷ്ട്രീയത്തില്‍ കൊള്ളില്ലെന്നും മാണിക്കം ടാഗോര്‍ പ്രതികരിച്ചു. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ആരോപണം. ഒരു സഹപ്രവര്‍ത്തകന്‍ എന്നാണ് മാണിക്കം ടാഗോര്‍ എംപി അഭിസംബോധന ചെയ്തിരിക്കുന്നത്.
അടിയന്തരാവസ്ഥ കാലത്ത് നടന്ന ക്രൂരതകള്‍ വിവരിച്ചും വിമര്‍ശിച്ചും ലേഖനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നാണ് തരൂരിന്റെ ലേഖനത്തില്‍ പറയുന്നത്. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെയും വിമര്‍ശനമുണ്ട്.
അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം 1977 മാര്‍ച്ചില്‍ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ത്തന്നെ ഇന്ദിരയെയും പാര്‍ട്ടിയെയും വന്‍ ഭൂരിപക്ഷത്തില്‍ പുറത്താക്കി ജനം മറുപടി നല്‍കിയെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. അച്ചടക്കത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളായി മാറി. സഞ്ജയ് നയിച്ച നിര്‍ബന്ധിത വന്ധ്യംകരണ പരിപാടികള്‍ അതിന് ഉദാഹരണമാണ്.
ദരിദ്ര ഗ്രാമീണ പ്രദേശങ്ങളില്‍ സ്വേച്ഛാപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡല്‍ഹി പോലുള്ള നഗരകേന്ദ്രങ്ങളില്‍ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല. ഈ പ്രവൃത്തികളെ പിന്നീട് നിര്‍ഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചുവെന്നും തരൂര്‍ വിമര്‍ശിക്കുന്നു.
ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് സിന്‍ഡിക്കേറ്റിന്റെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് തരൂര്‍ കാഴ്ചപാടുകള്‍ വ്യക്തമാക്കിയത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ചിന്തകരുടെയും നേതാക്കളുടെയും ആഴത്തിലുള്ള വിശകലനങ്ങളും കാഴ്ചപ്പാടുകളും ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കുന്ന മാധ്യമമാണ് പ്രോജക്ട് സിന്‍ഡിക്കേറ്റ്. അതേസമയം, തരൂരിന്റെ പേരില്‍ രണ്ട് ദിവസം മുന്‍പ് ദേശീയ മാധ്യമങ്ങളില്‍ വന്ന ലേഖനമാണ് ഇപ്പോള്‍ വിവാദമാക്കുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ലണ്ടനിലുള്ള തരൂര്‍ ഈ മാസം 18നാണ് ഇന്ത്യയിലേക്കു തിരിച്ചെത്തുന്നത്.
കേരള മുഖ്യമന്ത്രി പദത്തോടുള്ള മോഹം കൈവിടാതെ പുതിയ നീക്കവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍ എം.പി. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന സര്‍വേഫലമാണ് ശശി തരൂര്‍ തന്നെ എക്‌സില്‍ പങ്കുവെച്ചത്.
സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ 'കേരള വോട്ട് വൈബ് സര്‍വേ 2026'ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.
സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു.
യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂരിനെ പിന്തുണക്കുന്നവരില്‍ 30 ശതമാനം പുരുഷന്മാരാണ്. എന്നാല്‍, സ്ത്രീകളുടെ പിന്തുണ 27 ശതമാനം മാത്രം. 18നും 24നും ഇടയില്‍ പ്രായമുള്ളവരേക്കാള്‍ (20.3%) 55 വയസും അതില്‍ കൂടുതലുമുള്ളവരുടെ (34.2%) പിന്തുണ വളരെ കൂടുതലാണ്.
സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 62 ശതമാനം പേരും തങ്ങളുടെ നിലവിലെ എം.എല്‍.എയെ മാറ്റാന്‍ ആഗ്രഹിക്കുന്നു. 23 ശതമാനം പേര്‍ മാത്രമാണ് സംസ്ഥാനത്ത് തല്‍സ്ഥിതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഇത് ഭരണവിരുദ്ധ വികാരമായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എല്‍.ഡി.എഫില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ജനസമ്മതിയുള്ളത് കെ.കെ. ശൈലജക്കാണെന്ന് സര്‍വേ പറയുന്നു. 24 ശതമാനം പിന്തുണയാണ് ശൈലജക്ക് ഉള്ളത്. എന്നാല്‍, പിണറായിക്ക് പിന്തുണ 17.5 ശതമാനം മാത്രമാണ്. എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേ ഫലം പറയുന്നു.
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍വേ ഫലം പങ്കുവെച്ചുള്ള ശശി തരൂരിന്റെ പുതിയ നീക്കം. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് തരൂര്‍ നീക്കം നടത്തിയിരുന്നു. ഇതിനായി കേരളത്തിലെ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
നിയമസഭ തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രി പദം തരൂര്‍ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകളും അന്ന് പ്രചരിച്ചിരുന്നു. എന്നാല്‍, തരൂരിന്റെ നീക്കം നേതാക്കള്‍ ഇടപെട്ട് മയപ്പെടുത്തുകയാണ് ചെയ്തത്.
അതേസമയം, ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തില്‍ ശശി തരൂര്‍ സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ളത്. കേരളത്തിലെ കോണ്‍ഗ്രസിലും മുഖ്യമന്ത്രിയാരെന്ന പുതിയ ചര്‍ച്ചക്ക് വഴിവെക്കുകയാണ് സര്‍വേ ഫലം പങ്കുവെച്ചതിലൂടെ തരൂര്‍ ലക്ഷ്യമിടുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്വകാര്യ സ്ഥാപനത്തിന്റെ സര്‍വേ ഫലം എക്‌സില്‍ പങ്കുവെച്ച ശശി തരൂരിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രിയാകാന്‍ ആരാണ് അയോഗ്യനെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു.
മുഖ്യമന്ത്രി ആരാണെന്ന വിഷയം ഉയര്‍ന്നാല്‍ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് എം.എല്‍.എമാരുമായി ആലോചിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതലാളുകള്‍ പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശശി തരൂരിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളില്‍ അവിശ്വാസ്യതയു?ണ്ടാക്കുമെന്ന് എം.എം.ഹസ്സനും ?മുതിര്‍ന്ന നേതാക്കള്‍ നിയന്ത്രണം പാലിക്കണമെന്ന് അടൂര്‍ പ്രകാശും പറഞ്ഞു. എറണാകുളത്ത് യുഡിഎഫ് യോഗത്തിന് എത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം.
'മുഖ്യമന്ത്രിയാകാന്‍ ശശി തരൂരിനെ 28 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് സര്‍വേഫലം വന്നെന്ന് മാധ്യമങ്ങളില്‍ കണ്ടു. നല്ലത്. നാളെ പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യനെന്ന് സര്‍വേ നടത്തിയാലും അദ്ദേഹത്തിന്റെ പേര് വരും. പക്ഷേ, ഏത് ഏജന്‍സിയാണ് നടത്തിയതെന്ന് കണ്ടില്ല. നാളെ ഞാനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അര്‍ഹനെന്ന് പറഞ്ഞ് ഏതെങ്കിലുമൊരു ചാനലിന്റെ സര്‍വേ പുറത്തുവിട്ട് എനിക്കും അവകാശപ്പെടാം. ഞങ്ങള്‍ തന്നെ അങ്ങനെ പറഞ്ഞാല്‍ അതിന്റെ ആധികാരികത ജനങ്ങള്‍ സംശയിക്കില്ലേ. ഇത് പാര്‍ട്ടി ഗൗരവമായി എടുക്കുന്നില്ല' -എം.എം.ഹസ്സന്‍ വ്യക്തമാക്കി.
സര്‍വേ പലയാളുകള്‍ പലതരത്തിലും നടത്തുന്നുണ്ടെന്നും ചിലര്‍ അതിനായി മന:പൂര്‍വം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശശി തരൂര്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. അദ്ദേഹത്തോട് കാര്യങ്ങള്‍ പറയേണ്ടത് ഓള്‍ ഇന്ത്യ വര്‍ക്കിങ് കമ്മിറ്റിയാണ്. ശശി തരൂര്‍ പറയുന്ന കാര്യങ്ങളൊന്നും സംസ്ഥാന?ത്തെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മുതിര്‍ന്ന നേതാക്കള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് തരൂരിന്റെ പേര് പരാമര്‍ശിക്കാതെ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടും. വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കു പുറമേ സെക്രട്ടറിമാരും വരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥും ഡല്‍ഹിയില്‍ എഐസിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
കെ.സുധാകരന്‍ പ്രസിഡന്റായപ്പോള്‍ 4 വൈസ് പ്രസിഡന്റുമാരും 22 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്ന താരതമ്യേന ചെറിയ ടീമിനെയാണു നിയോഗിച്ചിരുന്നത്. എന്നാല്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കൂടുതല്‍ ചുമതലകള്‍ ഉണ്ടാകുമെന്നും അതുകൊണ്ടു ഭാരവാഹികളുടെ എണ്ണം കൂട്ടണമെന്നുമുള്ള കെപിസിസിയുടെ ആവശ്യം അംഗീകരിച്ചു. ചില പ്രത്യേക ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കാന്‍ യോഗ്യരായ ചിലര്‍ പുറത്തുനില്‍ക്കുന്നുണ്ടെന്നും അവരെ പ്രയോജനപ്പെടുത്തണമെന്നുമാണു നേതൃത്വത്തിന്റെ നിലപാട്. പുതുതായി 10 പേരെങ്കിലും കെപിസിസി ഭാരവാഹികളായേക്കും.
കെ.സുധാകരന്റെ കാലത്തെ ഭാരവാഹിപ്പട്ടികയില്‍ ട്രഷററുടെ അടക്കം ഒഴിവുകളുണ്ട്. ഈ ഒഴിവുകള്‍ നികത്തുന്നതിനൊപ്പം കാര്യക്ഷമമായ പ്രവര്‍ത്തിക്കാത്തവരെ മാറ്റി പകരം ആളുകളെ നിയോഗിക്കണമെന്ന നിര്‍ദേശവും ഡല്‍ഹി യോഗത്തില്‍ ഉയര്‍ന്നു. ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് ഉറപ്പില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ സെക്രട്ടറിമാരായി നിയമിതരായ 77 പേരോടും തുടരാന്‍ സുധാകരന്റെ കാലത്തു നിര്‍ദേശിച്ചിരുന്നെങ്കിലും ആ പട്ടിക പ്രവര്‍ത്തനക്ഷമമല്ല. സെക്രട്ടറി പട്ടികയില്‍ പൂര്‍ണമായ പൊളിച്ചെഴുത്ത് ഉണ്ടാകും.
ഡിസിസി പ്രസിഡന്റുമാരിലും മാറ്റം ഉറപ്പാണ്. എന്നാല്‍, സമീപകാലത്തു മാത്രം തൃശൂരില്‍ ഡിസിസി പ്രസിഡന്റായ ജോസഫ് ടാജറ്റ് ഒഴിച്ചുള്ള 13 പേരെയും മാറ്റണോ അതോ മികച്ച പ്രകടനം കാഴ്ചവച്ച ചിലരെ നിലനിര്‍ത്തണോ എന്നതില്‍ ധാരണയായിട്ടില്ല. നേതൃത്വത്തില്‍ തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. പ്രതിപക്ഷ നേതാവുമായും പ്രവര്‍ത്തകസമിതി അംഗങ്ങളുമായും ചര്‍ച്ച ചെയ്യും. കെപിസിസി, ഡിസിസി പട്ടികയ്ക്കു ശേഷമേ ഡിസിസി ഭാരവാഹിപ്പട്ടികയിലെ അഴിച്ചുപണി ആലോചിക്കൂ.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി പത്തിന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫിസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടര്‍ന്നാണ് ഉദ്ഘാടനം. ഇവിടെ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി.മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.
തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്. മറ്റു ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും വെര്‍ച്വലായി സമ്മേളനത്തില്‍ പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. വാര്‍ഡുതല നേതൃസംഗമത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം പാര്‍ട്ടി ആരംഭിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha