ആലപ്പുഴ കലക്ടറേറ്റിന് സമീപം സ്‌കൂട്ടറപകടം: വണ്ടിയുമായി ഓടയില്‍ വീണ് യുവാവ് മരിച്ചു; 8 മണിക്കൂര്‍ ആരുമറിഞ്ഞില്ല!

സ്‌കൂട്ടര്‍ ഓടയിലേക്ക് വീണുണ്ടായ അപകടത്തില്‍ ആലപ്പുഴ കലക്ടറേറ്റിനു സമീപം യുവാവ് മരിച്ചു. മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ പതിയാങ്കര തയ്യില്‍ സജീവന്റെ മകന്‍ ഗോകുല്‍ (22) ആണ് മരിച്ചത്. എന്നാല്‍ മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് 8 മണിക്കൂറിനു ശേഷമാണ്.
കലക്ടറേറ്റിനു സമീപത്തെ കലുങ്കിനോടു ചേര്‍ന്ന ഓടയില്‍ വീണ ഗോകുലിനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത് ഇന്നലെ രാവിലെ ആറരയോടെയാണ്.
ഗോകുല്‍ സ്‌കൂട്ടറുമായി ഓടയില്‍ വീഴുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. അതുപ്രകാരം ബുധനാഴ്ച രാത്രി 10.25-ന് ആണ് അപകടം. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.
ശബ്ദം കേട്ട് സമീപവാസി റോഡില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഓടയില്‍ വീണു കിടന്നതിനാല്‍ ഗോകുലിനെ കാണാനായില്ല. കലുങ്കിന്റെ മുകളിലെ കല്‍ക്കെട്ടു കാരണം മറ്റു യാത്രക്കാര്‍ക്കും കാണാനായില്ല. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്‌കൂട്ടര്‍ സമീപത്തുണ്ടായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ഉണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്നു സൗത്ത് പൊലീസ് പറഞ്ഞു. ഓടയിലെ വെള്ളത്തില്‍ ശരീരത്തിന്റെ പകുതി മുങ്ങിയ നിലയിലായിരുന്നു. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കരസേനയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: രാധാമണി. സഹോദരന്‍: വിഷ്ണു.
https://www.facebook.com/Malayalivartha