ഒരു പതിറ്റാണ്ടിനു ശേഷം ദേവികുളം സിഎച്ച്‌സിയിലെ പ്രസവ വാര്‍ഡിന് ശാപമോക്ഷം!

ഒരു കോടി ചെലവിട്ട് 2011-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും തുറക്കാതെ കിടന്ന ദേവികുളം സിഎച്ച്‌സിയിലെ പ്രസവ വാര്‍ഡിന് ഒടുവില്‍ ശാപമോക്ഷം. സിഎച്ച്‌സിയുടെ പ്രവര്‍ത്തനവും കോവിഡ് പരിശോധനകളും ഇനി മുതല്‍ ഈ കെട്ടിടത്തിലാവും നടത്തുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് സിഎച്ച്‌സി പ്രവര്‍ത്തിച്ചിരുന്നത്. പ്രസവ ആശുപത്രി എന്ന ലക്ഷ്യം സഫലമായില്ലെങ്കിലും, കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഈ കെട്ടിടം അറ്റകുറ്റ പണികള്‍ നടത്താനും നടപടി തുടങ്ങി.
പണി പൂര്‍ത്തീകരിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രസവ ആശുപത്രി കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമായിരുന്നില്ല. പകര്‍ച്ചവ്യാധിക്കാലത്ത് കോവിഡ് പരിശോധനക്ക് പോലും സ്ഥലസൗകര്യം ഇല്ലാതെ ആരോഗ്യ വകുപ്പ് വലയുമ്പോള്‍ പത്ത് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഈ കെട്ടിടത്തെ കുറിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തിലാക്കിയതും കഴിഞ്ഞ ദിവസം വൈദ്യുതി ലഭിച്ചതും.
ഒറ്റ ദിവസം കൊണ്ട് ആശുപത്രി കെട്ടിടവും പരിസരവും യുവജന ക്ഷേമ ബോര്‍ഡിന് കീഴിലുള്ള കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കി. മൂന്നാര്‍ ശിക്ഷക് സദനിലാണ് ഇതുവരെ ആരോഗ്യ വകുപ്പിന്റെ കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നത്. ഒരു ദിവസം 250 പരിശോധനകള്‍ വരെയാണ് ഇവിടെ നടത്തുന്നത്.ഇനി സിഎച്ച്‌സിയുടെ ഒപി വിഭാഗം മുകള്‍ നിലയിലും കോവിഡ് പരിശോധന താഴത്തെ നിലയിലും പ്രവര്‍ത്തിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.അശ്വതി വിശ്വം അറിയിച്ചു.
https://www.facebook.com/Malayalivartha