വടകര നഗരസഭയുടെ ബിഒടി കെട്ടിട ഭൂമി: 2.59 സെന്റിന്റെ അവകാശിക്ക് അനുകൂല വിധി

വടകര നഗരസഭയുടെ നാരായണ നഗറിലെ ബിഒടി കെട്ടിട ഭൂമിയില്‍ അവകാശം ഉന്നയിച്ച് നരിപ്പറ്റ ചീക്കോന്നുമ്മല്‍ വാഴയില്‍ പീടികയില്‍ കുഞ്ഞമ്മദിന്റെ മകന്‍ റിയാസ് നടത്തിയ കേസില്‍ സബ് കോടതിയില്‍നിന്ന് അനുകൂല വിധി നേടി.
ബഹുനില കെട്ടിടത്തിന്റെ ഒരു പ്രവേശന കവാടത്തോട് ചേര്‍ന്ന 2.59 സെന്റ് ഭൂമിക്കാണ് മറ്റൊരു അവകാശി ഉണ്ടായിരിക്കുന്നത്. ഭൂമിക്ക് സെന്റിന് 25 ലക്ഷവും അതിലേറെയും പൊന്നുംവിലയുള്ള ഈ ഭാഗത്ത് തിരുവള്ളൂര്‍ റോഡിനു സമാന്തരമായി 8.30 മീറ്ററും സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ 12.65 മീറ്ററും നീളത്തിലുള്ള സ്ഥലത്താണ് റിയാസിന്റെ അവകാശം.
നഗരസഭ നേരത്തേ സ്റ്റേഡിയത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുകയും പിന്നീട് ഇവിടെ സ്വകാര്യ പങ്കാളിത്തത്തോടെ കെട്ടിടം പണിയുകയുമായിരുന്നു. അന്ന് റിയാസ് ഉള്‍പ്പെടുന്ന കുടുംബത്തിന്റെ 10.37 സെന്റ് ഭൂമി ഏറ്റെടുക്കുമ്പോള്‍ മൈനര്‍ ആയിരുന്ന റിയാസ് 1995- ല്‍ അഡ്വ. എ.കെ. അനില്‍ രാജ് മുഖേന സബ് കോടതിയില്‍ അന്യായം നല്‍കി അനുകൂല വിധി സമ്പാദിച്ചെങ്കിലും നഗരസഭ ഹൈക്കോടതി വരെ കേസ് നടത്തി.
ഒടുവില്‍ നിര്‍മാണ കമ്പനി കെട്ടിയ മതില്‍ പൊളിക്കാനും റിയാസിന് സ്ഥലം ഭാഗിച്ച് നല്‍കാനും അനുകൂല വിധി കിട്ടി. ഇതിനു വേണ്ടി കെട്ടിടത്തില്‍ പ്രവേശിക്കുന്നതിനെതിരെ നഗരസഭ വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ വിധി നടപ്പാക്കി കിട്ടാന്‍ റിയാസും സബ് കോടതിയിലെത്തി. ഇതില്‍ 11-ന് ഉണ്ടായ ഉത്തരവ് പ്രകാരമാണ് റിയാസിന് അനുകൂല വിധി.
ഇന്ന് റിയാസ് സ്ഥലം ഏറ്റെടുക്കും. മതില്‍ പൊളിച്ച് സ്ഥലം ഭാഗം ചെയ്‌തെടുക്കുന്നതിന് റിയാസ് സ്ഥലത്ത് പ്രവേശിക്കുന്നത് തടയരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. നേരത്തേ റിയാസിന് അനുകൂല വിധിയുണ്ടായപ്പോള്‍ സ്ഥലം അളന്ന് നഗരസഭയും റവന്യു അധികൃതരും കുറ്റി നാട്ടിയിരുന്നു. എന്നാല്‍ കെട്ടിട വിവാദം തുടരുന്നതിനൊപ്പം അവകാശത്തര്‍ക്കം മൂടിവച്ച് നഗരസഭ കെട്ടിട നിര്‍മാണവുമായി മുന്നോട്ടു പോവുകയായിരുന്നു.
https://www.facebook.com/Malayalivartha