ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം തടയാന്‍ കുറ്റിപ്പുറം പൊലീസിന്റെ സൗജന്യ സുരക്ഷാ സംവിധാനം, വീട്ടില്‍ കള്ളന്‍ കയറിയാല്‍ ഫോണില്‍ വിളിയെത്തും!

വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയാല്‍ പൊലീസ് സ്റ്റേഷനിലേക്കും വീട്ടുടമസ്ഥനും ഫോണ്‍കോള്‍ എത്തുന്ന സുരക്ഷാ സംവിധാനവുമായി കുറ്റിപ്പുറം പൊലീസ്. ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം തടയാനാണ് കുറ്റിപ്പുറം പൊലീസിന്റെ ഈ സൗജന്യ സുരക്ഷാ സംവിധാനം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ തത്സമയം 3 ഫോണുകളിലേക്ക് കൈമാറും.
കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 3 വീടുകളില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ മോഷണ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സേവനം ഒരുക്കിയത്. സിഐ ശശീന്ദ്രന്‍ മേലയിലിന്റെ ആശയപ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി 2 ഉപകരണങ്ങള്‍ സജ്ജമായി.
ഈ സംവിധാനം 7 ദിവസംവരെ വീട് പൂട്ടിപ്പോകുന്ന കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാം. യാത്ര പോകുന്ന വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചാല്‍ പൊലീസ് വീട്ടിലെത്തി ഉപകരണം സ്ഥാപിക്കും. മോഷ്ടാക്കള്‍ വീട്ടില്‍ കയറാന്‍ ശ്രമിച്ചാല്‍ വിവരം ഫോണ്‍ കോളായി ലഭിക്കും. ഇതിനു പുറമേ അലാം പ്രവര്‍ത്തിക്കും. അലാം വീട്ടിലോ, സമീപത്തെ വീട്ടിലോ അല്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലോ സ്ഥാപിക്കാന്‍ കഴിയും. 13,000 രൂപയുടെ ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് അനുസരിച്ച് എത്തിക്കാനാണ് പൊലീസിന്റെ ശ്രമം.
https://www.facebook.com/Malayalivartha