ശമ്പള ശമ്പള പരിഷ്ക്കരണം ഉടനില്ല ;പതിനൊന്നാംശമ്പളക്കമ്മിഷന്റെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചു

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പുനർനിർണയിക്കാനുള്ള പതിനൊന്നാം ശമ്പളക്കമ്മിഷന്റെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചതോടെ ഇടതുസർക്കാർ ശമ്പള ശമ്പള പരിഷ്ക്കരണം നടപ്പാക്കില്ലെന്ന് ഉറപ്പായി . കാലാവധി മൂന്നുമാസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് കമ്മിഷൻ ധനവകുപ്പിന് കത്തുനൽകിയതോടെയാണ് ജീവനക്കാർ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. ധനവകുപ്പുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കമ്മീഷൻ കത്ത് നൽകിയത്. അതു കൊണ്ടുതന്നെ കമ്മിഷന്റെ ആവശ്യം സർക്കാർ അംഗീകരിക്കും. ശുപാർശകൾ നൽകാൻ ഡിസംബർ 31 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. സർക്കാർ ജീവനക്കാരുടെ പ്രതിഷേധം തെരഞ്ഞടുപ്പിൽ പ്രതിഫലിക്കും. റിപ്പോർട്ട് ഡിസംബർ 31-നു മുമ്പ് നൽകാനാവില്ലെന്ന് കമ്മിഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനമാണ് ഒരു കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് .സർക്കാരിന്റെ സാമ്പത്തികസ്ഥിതി പ്രതിസന്ധിയിലായതാണ് ശമ്പള പരിഷ്ക്കരണം നീട്ടാനുള്ള പ്രധാന കാരണം. മോശമായ സാമ്പത്തികസ്ഥിതി കോവിഡ് കാരണം രൂക്ഷമായതിനാൽ വരുംവർഷങ്ങളിൽ സർക്കാരിന്റെ വരുമാനം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല .
കോവിഡ് കാരണമുള്ള സാമ്പത്തികമാന്ദ്യം നേരിടാൻ ഈ വർഷം അധികവായ്പ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ജി.എസ്.ടി. കുടിശ്ശികയും വായ്പയെടുത്ത് നൽകുന്നുണ്ട്.സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിന് ഹൈക്കോടതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് തടയിട്ടിരുന്നു.അന്ന് വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന് സർക്കാർ കരുതി. സർക്കാരിന്റെ മനസറിഞ്ഞാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവിറക്കിയത്. സാമ്പത്തിക സ്ഥിതിയിലെ അനിശ്ചിതത്വം കാരണം എത്രത്തോളം വർധന ശമ്പളത്തിലും പെൻഷനിലും അനുവദിക്കാനാവുമെന്ന കാര്യത്തിൽ സർക്കാർ തലത്തിലും ധാരണയിലെത്തിയിട്ടില്ല. മോശം സാമ്പത്തികസ്ഥിതിയിൽ വരുത്താനാവുന്നത് നാമമാത്ര വർധനയാണ്. അത് ജീവനക്കാർക്ക് തൃപ്തികരമാവുമോ എന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. അതു കൊണ്ടാണ് ശമ്പള പരിഷ്ക്കരണം തന്നെ വേണ്ടെന്ന് വയ്ക്കാൻ സർക്കാർ ആലോചിക്കുന്നത്. എന്നാൽ കമ്മിഷന്റെ ജോലികളിൽ 90 ശതമാനവും പൂർത്തിയായെന്നും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ റിപ്പോർട്ട് നൽകാൻ കഴിയുമെന്നുമാണ് അറിയുന്നതെന്നും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. മാർച്ച് 5 ന് നിയമസഭാ തെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം പുറത്തുവരും. അതിന് ശേഷം ശമ്പള പരിഷ്ക്കരണ ഉത്തരവ് ഇറക്കാൻ കഴിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ റിപ്പോർട്ട് ഫെബ്രുവരിയിൽ സർക്കാർ അംഗീകരിക്കാൻ സാധ്യതയുണ്ട്. നടപ്പിലാക്കാനുള്ള ചുമതല അടുത്ത സർക്കാരിന് കൈമാറും.
കെ മോഹൻദാസ് അധ്യക്ഷനായി 2019 നവംബർ ആറിനാണ് ആറുമാസ കാലാവധിയിൽ കമ്മിഷൻ രൂപവത്കരിച്ചത്. ഭരണത്തിലേറിയ ദിവസം മുതൽ സർക്കാർ ജീവനക്കാർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ മനസ്സ്. സർക്കാർ ജീവനക്കാർ ജോലിയെടുക്കുന്നില്ല എന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പിണറായി പലവട്ടം സർക്കാർ ജീവനക്കാരെ ഓർമ്മിപ്പിച്ചിരുന്നു . ഫയലുകൾ താമസിപ്പിക്കുന്നതിൽ സർക്കാർ ജീവനക്കാർ അഗ്രഗണ്യൻമാരാണെന്നാണ് മുഖ്യന്ത്രിയുടെ വിശ്വാസം. ഇതെല്ലാം ശരിവയ്ക്കുന്ന പരാമർശമാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കോടതിയുടെയും സർക്കാരിന്റെയും നിഗമനങ്ങൾ ഒരു പരിധി വരെ ശരിയാണ്. സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നില്ലെന്ന കാര്യം നാട്ടിൽ പാട്ടാണ്. കേരളത്തിൽ മാത്രമാണ് നാലര വർഷം കുടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സർക്കാർ നീക്കമെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ശമ്പള പരിഷ്ക്കരണ കമ്മീഷനായിരുന്ന ജസ്റ്റിസ് സി എൻ . രാമചന്ദ്രൻ നായർ 10 വർഷത്തിലൊരിക്കൽ മാത്രമേ ശമ്പളം പരിഷ്ക്കരിക്കാവൂ എന്ന് ശുപാർശ നൽകിയിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി അക്കാര്യം മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടു വന്ന ശേഷം ഒരു തീരുമാനവും എടുക്കാതെ മാറ്റിവച്ചു. ഇതാണ് ഹൈക്കോടതി ഓർമ്മിപ്പിച്ചിരിക്കുന്നത്. നിലംനികത്തൽ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം ഉന്നയിച്ചത്. സാധാരണകാർക്ക് അനുകൂലമായ നിരവധി വിധി ന്യായങ്ങളിലൂടെ ശ്രദ്ധേയനാണ് ജസ്റ്റിസ് തോമസ്. ലണ്ടനിൽ നിന്നും നിയമത്തിൽ പരിശീലനം കിട്ടിയ വ്യക്തിയാണ് അദ്ദേഹം.ജഡ്ജിയാകുന്നതിന് മുമ്പ് അദ്ദേഹം സർക്കാർ പ്രോസിക്യൂട്ടറായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ആറും എട്ടും വർഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്കരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് നാലര വർഷം കൂടുമ്പോൾ നടത്തുന്നു. സാഹചര്യം മനസിലാക്കുന്നതിന് പകരം സർക്കാർ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇക്കാര്യം തുറന്നുപറയാൻ ധൈര്യപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പള പരിഷ്കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ മറ്റു മാർഗങ്ങളിലൂടെ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി പറഞ്ഞിരുന്നു. മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇതിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വേണ്ടി വന്നാൽ ശമ്പള പരിഷ്കരണത്തിൽ ഇടപെടുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നൽകിയിരുന്നു.രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും സർക്കാർ ജീവനക്കാരെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഐസ്ക്രീം കേസിൽ വി.എസിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിൻമാറിയ ജഡ്ജിയാണ് അദ്ദേഹം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുന്ന വ്യക്തിയുമാണ് അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹൈക്കോടതി തീരുമാനങ്ങൾ യഥാസമയം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയപ്പോൾ ജസ്റ്റിസ് തോമസ് സർക്കാരിനും അഡ്വക്കേറ്റ് ജനറലിനുമെതിരെ രംഗത്തെത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയും ജഡ്ജിയും തമ്മിൽ വലിയ കൊമ്പുകോർക്കലാണ് നടന്നത്. ഒടുവിൽ മുഖ്യമന്ത്രി സുല്ല് പറഞ്ഞു.
https://www.facebook.com/Malayalivartha