തിരുവനന്തപുരത്തെ ബി ജെ പിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്‌ച! കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി... കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണം; നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുന്നത്! കെ സുധാകരന്‍ ഡല്‍ഹിയിലേക്ക്...

സംസ്ഥാനത്തെ നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം പിയുമായ കെ സുധാകരന്‍. തിരുവനന്തപുരത്തെ ബി ജെ പിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്‌ചയാണ്. ആജ്ഞാ ശക്തിയുളള നേതൃത്വത്തിന്റെ അഭാവം കെ പി സി സിക്കുണ്ട്. ശുപാര്‍ശയ്‌ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും അതീതമായ നേതൃനിര പാര്‍ട്ടിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി. മാണി കോണ്‍ഗ്രസിനെ പുറത്താക്കിയത് മദ്ധ്യകേരളത്തില്‍ വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. ജോസ് കെ മാണിക്കൊപ്പമാണ് വലിയ വിഭാഗം അണികളെന്ന് തെളിഞ്ഞു.
അവരെ പുറത്താക്കരുതെന്നായിരുന്നു അന്നും ഇന്നും തന്റെ നിലപാട്. പറ്റുമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ മാണി വിഭാഗത്തെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയില്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍ എം പിക്കുണ്ടായതും തിരിച്ചടിയായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ബന്ധം ഗുണം ചെയ്‌തു. അവരോട് നന്ദിയുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മുല്ലപ്പളളി പറയുന്ന അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ ഈ വിഷയങ്ങള്‍ ധരിപ്പിക്കും. നേതാക്കള്‍ ജില്ല സംരക്ഷിക്കണം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന വേണം. ഇത്തവണ താന്‍ മറ്റിടങ്ങളില്‍ പോകാത്തത് സ്വന്തം ജില്ല സംരക്ഷിക്കാനായാണ്. സ്വന്തം ജില്ലയില്‍ റിസല്‍റ്റ് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല എന്ന് തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ പോലും പല വാർഡുകളിലും യുഡിഎഫിന്റേത് ദയനീയ പ്രകടനമായിരുന്നു. 25 ഇടത്ത് മാത്രമാണ് യുഡിഎഫിന് രണ്ടാം സ്ഥാനത്തേക്ക് എത്താനായത്. സീറ്റ് നിലയിൽ 22 ൽ നിന്നും 10 ലേക്കുളള വീഴ്ച മാത്രമല്ല, പല വാർഡുകളിലും യുഡിഎഫ് നേരിട്ടത് കനത്ത തകർച്ചയാണ്. കിണവൂർ, ഹാർബർ, മാണിക്കവിളാകം, അമ്പലത്തറ വാർഡുകളിൽ യുഡിഎഫ് നാലാമതാണ്. എൽഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ച എസ് പുഷ്പലതയെ തോല്പിച്ച് ബിജെപിയിലെ കരമന അജിത് പിടിച്ചെടുത്ത നെടുങ്കാട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 74 വോട്ട് മാത്രമാണ്. ഹാർബർ വാർഡിൽ യുഡിഎഫ് വിമതനായ നിസാമുദ്ദീൻ ജയിച്ചപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി നാലാമതായി. കോട്ടപ്പുറത്തും വിമതൻ ജയിച്ചപ്പോൾ ഔദ്യോഗിക സ്ഥാനർത്ഥി മൂന്നാമത്.
കാലടിയിൽ കോൺഗ്രസ് വിമതൻ രാജപ്പൻ നായർ രണ്ടാമതെത്തിയപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാമതെത്തി. നന്തൻകോട് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണവും നാനൂറിലേറെ വോട്ട് നേടിയ വിമതസ്ഥാനാർത്ഥിയാണ്. കിണവൂരിൽ യുഡിഎഫ് തോൽവിക്ക് കാരണം പ്രാദേശിക കോൺഗ്രസ് നേതാക്കൾ കൂടി പിന്തുണച്ച തിരുവനന്തപുരം വികസനമുന്നേറ്റ സ്ഥാനാർത്ഥി. 1026 വോട്ടുകളുമായി ഇവിടെ ടിവിഎം സ്ഥാനാർത്ഥി മൂന്നാമതായി. മികച്ച വിജയത്തിനിടയിലും ഇടത് വാർഡായ നെട്ടയത്ത് പാർട്ടി തോൽക്കാൻ കാരണം എൽഡിഎഫ് വിമതാനായ നല്ല പെരുമാൾ നേടിയ വോട്ടുകൾ. കിണവൂരൊഴികെ തിരുവനന്തപുരം വികസന മുന്നേറ്റത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. നഗരസഭായിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കവടിയാറിലാണ്. റീ കൗണ്ടിംഗ് നടന്നിട്ടും യുഡിഎഫ് സ്ഥാനാർത്ഥി സതികുമാരി ബിജെപിക്കെതിരെ ജയിച്ചത് ഒരു വോട്ടിനാണ്.
https://www.facebook.com/Malayalivartha