കൊച്ചിയില്‍ എല്‍.ഡി.എഫ് തന്നെ ഭരിക്കും; യു.ഡി.എഫിന്റെ ഹാര്‍ട്ടിക്ക് സാധ്യത മങ്ങി; ലീഗ് വിമതന്റെ പിന്തുണ ഉറപ്പാക്കി; ഇനി യു.ഡി.എഫ് ഭരിക്കണമെങ്കില്‍ അത്ഭുതകരമായി സാധ്യത ഇതു മാത്രമാണ്; ബി.ജെ.പി പിന്തുണ?

കൊച്ചി കോര്‍പ്പറേഷനില്‍ ഹാര്‍ട്ടിക്ക് ഭരണമെന്ന് മോഹത്തിന് യു.ഡി.എഫിന് ഇന്നലെ തന്നെ തിരിച്ചടി കിട്ടിയിരുന്നു. ഇന്ന് അത് ഉറപ്പിക്കുകയാണ്. യു.ഡി.എഫ് വിമതരെ ഒപ്പം നിര്‍ത്താനുള്ള എറണാകുളം ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അണിയറ നീക്കത്തിനിടെ ലീഗ് വിമതന്‍ ടി.കെ.അഷ്‌റഫ് ഇടതിനു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഏറ്റവുമധികം ഡിവിഷനുകള്‍ സ്വന്തമാക്കിയ എല്‍ഡിഎഫ് തന്നെ കോര്‍പറേഷന്‍ ഭരിക്കുമെന്ന് ഉറപ്പായി.
ബിജെപി ഇരുമുന്നണികളോടും അകലം പാലിക്കുകയും ഒരു അംഗമെങ്കിലും എല്‍ഡിഎഫിന് പിന്തുണ നല്‍കുകയും ചെയ്താല്‍ ഭരിക്കാവുന്ന സാഹചര്യമാണു കൊച്ചി കോര്‍പ്പറേഷനിലുള്ളത്. മുസ്‌ലിം ലീഗ് വിമതന്‍ ടി.കെ.അഷ്‌റഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് തന്നെ കോര്‍പ്പറേഷന്‍ ഭരണത്തിലെത്തും. ഇദ്ദേഹം ഉള്‍പ്പടെ മറ്റു സ്വതന്ത്രരുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ.
സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും നഗരത്തില്‍ സുസ്ഥിര ഭരണം കാഴ്ചവയ്ക്കുന്ന മുന്നണിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യപ്പെടുന്നതായും അഷ്‌റഫ് പ്രതികരിച്ചു. നഗരത്തിലെ ജനങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നവര്‍ക്കായിരിക്കും പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മുന്നണികളും പിന്തുണ തേടിയിട്ടുണ്ട്. യുഡിഎഫിന് 31 ഉം എല്‍ഡിഎഫിന് 34ഉം അംഗങ്ങളാണുള്ളത്. ഇതില്‍ ഭൂരിപക്ഷമുള്ളവരുമായി സഹകരിക്കും. സ്ഥാനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതപ്പെട്ട ആളാണ് താന്‍. എന്നാല്‍ യാതൊരു വിലപേശല്‍ ചര്‍ച്ചകളും നടത്തിയിട്ടില്ല. അവര്‍ ഓഫറുകളും മുന്നോട്ടു വച്ചിട്ടില്ല. പിന്തുണ ചോദിച്ചു, സ്ഥിരഭരണം കാഴ്ച വയ്ക്കണം, നഗരത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോര്‍പറേഷനില്‍ ആകെ 74 സീറ്റാണുള്ളത്. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ല. ഇടതുമുന്നണിക്ക് 34 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് അഞ്ചും സീറ്റ് ലഭിച്ചു. നാല് വിമതര്‍ വിജയിച്ചു. രണ്ട് പേര്‍ കോണ്‍ഗ്രസും മുസ്ലിം ലീഗില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഓരോ ആള്‍ വീതവുമാണ് വിമതരായി വിജയിച്ചത്. നാല് വിമതരും പിന്തുണച്ചാലേ യുഡിഎഫിന് വിജയം ഉറപ്പിക്കാനാവൂ. എന്നാല്‍ ഒരാളുടെ പിന്തുണ മതി ഇടതുമുന്നണിക്ക് ഭരണം പിടിക്കാന്‍.
പനയപ്പിള്ളിയില്‍ ജെ സുനില്‍ മോനും മുണ്ടംവേലിയില്‍ മേരി കലിസ്ത പ്രകാശനുമാണ് കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് വിമതരായി ജയിച്ചത്. കല്‍വത്തിയില്‍ ടി കെ അഷ്‌റഫ് മുസ്ലിം ലീഗ് വിമതനായി ജയിച്ചു കയറി. മാനാശ്ശേരിയില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കെ പി ആന്റണിയാണ് സിപിഎം വിമതനായി ജയിച്ചത്. വിമതന്മാരെയെല്ലാം പാളയത്തിലെത്തിക്കാന്‍ ഇരു മുന്നണിയും ശ്രമിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ടോണി ചമ്മണിയും ആന്റണിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഹൈബി ഈഡന്‍ തയ്യാറായില്ല. നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് മൂന്ന് യുഡിഎഫ് വിമതരുടേയും നിലപാട്.
മൂന്ന് യുഡിഎഫ് വിമതരെയും വശത്താക്കാന്‍ കഴിഞ്ഞാലും യുഡിഎഫിന് പക്ഷെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. കെ പി ആന്റണി സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ 35 സീറ്റോടെ ഇടതുമുന്നണിക്ക് അധികാരത്തിലേറാം. കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പാകും ആര് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ കൃത്യമായ ചിത്രം നല്‍കുക. യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പാണ്. പക്ഷെ ആന്റണിയുടെ ഒറ്റവോട്ടിന്റെ ബലത്തില്‍ ഇടതിന് മേയര്‍ സ്ഥാനം നേടാനാവും. ഇതോടെ പത്ത് കൊല്ലം നീണ്ട യുഡിഎഫ് ഭരണം ചരിത്രമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha