വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ മര്‍ദനം; പിന്നില്‍ സി.പി.ഐ.എമ്മെന്ന് ആരോപണം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍ വാര്‍ഡില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദനമേറ്റതായി പരാതി. മര്‍ദിച്ചത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. കീഴാറ്റൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വയല്‍ക്കിളി പ്രവര്‍ത്തകയും സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയുമായ ലത സുരേഷ് മത്സരിച്ചിരുന്നു. വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയം നേടിയതിന് പിന്നാലെ നടന്ന ആഘോഷപ്രകടനത്തിനിടെയാണ് തന്നെ മര്‍ദിച്ചതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
അദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ് മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് തനിക്ക് മര്‍ദനമേറ്റതെന്ന് സുരേഷ് കീഴാറ്റൂര്‍ പറയുന്നു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കുകയും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്.തളിപ്പറമ്പ് നഗരസഭ 30ാം ഡിവിഷനില്‍ മത്സരിച്ച വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. വത്സലയോട് മത്സരിച്ചാണ് പരാജയപ്പെട്ടത്. ലത സുരേഷിന് 236 വോട്ടും പി. വത്സലയ്ക്ക 376 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചത്. ഇവിടെ ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നില്ല.
അതേസമയം വയല്‍ക്കിളികള്‍കളെ സംബന്ധിച്ചിടത്തോളം ഈ പരാജയം വിജയമാണെന്ന് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.’കീഴാറ്റൂരില്‍ കഴിഞ്ഞ പ്രാവശ്യം നേടിയ 420 വോട്ടിന്റെ സി.പി.ഐ.എം ലീഡ് ഇപ്പോള്‍ 140 ആണ്. പാര്‍ട്ടി ഗ്രാമത്തിലെ വോട്ട് ചെയ്ത മുഴുവന്‍ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍. ഈ പരാജയം ഞങ്ങളുടെ വിജയം ആണ് ഞങ്ങളുടെ ജനകീയ അടിത്തറ ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.’ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.തളിപ്പറമ്പിലെ പാര്‍ട്ടി ഗ്രാമമാണ് കീഴാറ്റൂര്‍. കാലങ്ങളായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുന്ന വാര്‍ഡ്. കഴിഞ്ഞ തവണ 450 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥി കീഴാറ്റൂരില്‍ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം നിലനിര്‍ത്താന്‍ സിപിഎം സ്ഥാനാര്‍ത്ഥി പി വത്സലയ്ക്ക് കഴിഞ്ഞു. മറ്റ് സീറ്റിങ്ങ് സീറ്റില്‍ പരാജയപ്പെടുന്നതിനേക്കാള്‍ വലിയ തോല്‍വിയാകും കീഴാറ്റൂരിലെ പരാജയമെന്ന തിരിച്ചറിവില്‍ നിന്ന് ശക്തമായ പ്രചാരണം തന്നെ സിപിഎം കീഴാറ്റൂരില്‍ ഈ തെരഞ്ഞെടുപ്പില്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ സിപിഎം കേന്ദ്രകമ്മറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്ററും തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും കീഴാറ്റൂരില്‍ വന്ന് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
കൊവിഡ് വ്യാപന കാലമായതിനാല്‍ പ്രചാരണങ്ങള്‍ക്ക് സമയ പരിധി നിശ്ചയിച്ചിട്ടും പലപ്പോഴും രാത്രിയോളും നീളുന്ന സിപിഎമ്മിന്‍റെ പ്രചാരണത്തിനെതിരെ സുരേഷ് കീഴാറ്റൂര്‍ തന്നെ പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. ശക്തമായ പ്രചാരണത്തോടൊപ്പം ബിജെപി പിന്തുണ വയല്‍ക്കിളികള്‍ക്ക് ലഭിക്കുന്നുണെന്ന സിപിഎം വാദത്തിനും ഏറെ പ്രചാരം കിട്ടി. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കടന്നുവന്ന ബിജെപി കേന്ദ്ര നേതൃത്വം തന്നെ പിന്നീട് ബൈപാസിന് പച്ചകൊടി കാണിച്ചതും വയല്‍ക്കിളികള്‍ക്ക് തിരിച്ചടിയായി. തത്വത്തില്‍ ബിജെപിയുടെ കടന്ന് വരവും പിന്തുണയും വയല്‍ക്കിളികള്‍ സിപിഎമ്മിനെതിരാണെന്ന തെറ്റിദ്ധാരണയിലേക്ക് ജനങ്ങളെ കൊണ്ടെത്തിച്ചു. പാരിസ്ഥിതിക പ്രശ്നമുയര്‍ത്തിയാണ് വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം ആരംഭിച്ചതെങ്കിലും പിന്നീട് സിപിഎം വിരുദ്ധതയില്‍ ഉറച്ച് പോയതും പാരിസ്ഥിതിക പ്രശ്നത്തില്‍ കൃത്യമായൊരു മുന്നേറ്റം നടത്താന്‍ കഴിയാതിരുന്നതും പ്രദേശിക പിന്തുണ ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ടതും വയല്‍ക്കിളികള്‍ക്ക് തിരിച്ചടിയായി.
https://www.facebook.com/Malayalivartha