എസ്.വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്; പക്ഷേ മൊഴികളില്‍ വൈരുദ്ധ്യം; പേടിച്ചിട്ട് നിര്‍ത്തിയില്ലെന്ന് ഡ്രൈവര്‍, അപകടം നടന്നത് അറിഞ്ഞില്ലെന്ന് ഉടമ; ദുരൂഹത നീങ്ങും വരെ പോലീസ് അന്വേഷണം; കൂടുതല്‍ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി

മാധ്യമപ്രവര്‍ത്തകന്‍ എസി.വി പ്രദീപിന്റെത് അപകടമരണമാണെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍. എന്നാല്‍ ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമുണ്ട്. അതുകൊണ്ടു തന്നെ മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ച് നടന്ന അപകടത്തില്‍ പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയതോടെ വലിയ ദുരൂഹത ഉയര്‍ന്നിരുന്നു. അപകടത്തില്‍ സംശയവുമായി ബന്ധുക്കള്‍ രംഗത്തുവന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയതും ഡ്രൈവറെ പിടികൂടിയതും. നടന്നത് വാഹനാപകടം മാത്രമാണെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇതുവരെയുള്ള നിഗമനം. ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡില്‍ വീഴുകയായിരുന്നു എന്നുമാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്നും പോലീസ് പറയുന്നു.
ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പോലീസ് ശേഖരിച്ചു. വ്യക്തത വരുത്താന്‍ ഇന്നലെ കൂടുതല്‍ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതല്‍ നടപടികളെന്നും പോലീസ് പറഞ്ഞു. ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് വാഹന ഉടമ പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യവും പോലീസ് പരിശോധിക്കും.
വട്ടിയൂര്‍ക്കാവില്‍ നിന്നും വാഹനത്തില്‍ ഉണ്ടായിരുന്ന എം സാന്റ് വെള്ളായണിയില്‍ കൊണ്ടിട്ട ശേഷം മറ്റൊരു വഴിയിലൂടെ പേരൂര്‍ക്കടയിലേക്കാണ് പോയത്. പിറ്റേ ദിവസം ലോറിയുമായി ഇറങ്ങി. ഈ വിവരങ്ങളെല്ലാം പോലീസ് വിശദമായി പരിശോധിക്കും. അറസ്റ്റിലായ ഡ്രൈവര്‍ ജോയിയെ റിമാന്‍ഡ് ചെയ്തു.
പ്രദീപിന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പോലീസിനോട് വ്യക്തമാക്കിയിരുന്നു. അത് ആരൊക്കെയെന്നും എന്തിനാണെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ കുടുംബത്തോട് വ്യക്തതമാക്കിയിരുന്നു. ഈ സാഹചര്യവും പോലീസ് പരിശോധിക്കും.
സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തെറ്റുകള്‍ക്കെതിരേ സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പ്രദീപ് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. പ്രദീപിന്റെ ഫോണും സോഷ്യല്‍ മീഡിയ വഴിയുള്ള സന്ദേശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ നടന്നതെന്ന ദുരൂഹത മാറ്റുകയാണ് പോലീസ് അന്വേഷണം വ്യാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha