സിപിഎമ്മിന് മേനി നടിക്കാൻ ഒന്നുമില്ല; കഴിഞ്ഞ തവണ 1169 വോട്ടുകൾ നേടിയ കോൺഗ്രസിന് ഇത്തവണ കിട്ടിയത് 74 വോട്ട് മാത്രം, യഥാര്‍ത്ഥത്തിൽ ഇടത് മുന്നണിയുടെ നേട്ടം കൊട്ടിഘോഷിക്കുന്ന തരത്തില്‍ അത്ര മികച്ചതാണോ? തിരഞ്ഞെടുപ്പിന്‍റെ ഫലം മൊത്തത്തിൽ ആർക്കാണ് അനുകൂലമായത്? ചില വസ്തുതകൾ പരിശോധിക്കാം, സന്ദീപ് വചസ്പതി പറയുന്നു

കാത്തു കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അങ്ങനെ കഴിഞ്ഞു. ഏത് പാർട്ടിയാണ് നേട്ടം ഉണ്ടാക്കിയത്? ഈ തിരഞ്ഞെടുപ്പിന്‍റെ ഫലം മൊത്തത്തിൽ ആർക്കാണ് അനുകൂലമായത്?ഒറ്റനോട്ടത്തിൽ സിപിഎം നയിച്ച ഇടത് മുന്നണിക്ക് നേട്ടമുണ്ടായതായി നമുക്ക് തോന്നും. യഥാര്‍ത്ഥത്തിൽ ഇടത് മുന്നണിയുടെ നേട്ടം കൊട്ടിഘോഷിക്കുന്ന തരത്തില്‍ അത്ര മികച്ചതാണോ? ചില വസ്തുതകൾ പരിശോധിക്കാം.11 പാർട്ടികളാണ് ഇടത് മുന്നണിയുടെ കീഴിൽ മത്സരിച്ചത്. 8 പേര്‍ ചേർന്ന് യുഡിഎഫ് ആയും മത്സരിച്ചു. എൻഡിഎ എന്ന് പെരുണ്ടെങ്കിലും ബിജെപി ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.
2015 ൽ 551 പഞ്ചായത്തുകളാണ് ഇടത് മുന്നണിയുടെ കൈവശം ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 514 ആയി കുറഞ്ഞു. അതായത് 37 പഞ്ചായത്തുകളുടെ ഭരണം ഇടതു മുന്നണിയ്ക്ക് നഷ്ടമായി. 362 പഞ്ചായത്തുകൾ കൈവശമുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 375 ആക്കി ഉയർത്തി. 2015 ൽ 11 പഞ്ചായത്തിൽ മാത്രം ഭരണമുണ്ടായിരുന്ന ബിജെപി 5 വർഷത്തിനു ശേഷം ഇരട്ടിയിലധികം പഞ്ചായത്തുകളുടെ ഭരണം കയ്യടക്കി. ഇത്തവണ 23 പഞ്ചായത്തുകളുടെ ഭരണം ബിജെപിയുടെ കയ്യിലായി. പഞ്ചായത്ത് വാർഡുകളുടെ എണ്ണം നോക്കിയാലും ഇടത് മുന്നണിക്ക് നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ തവണ 7625 വാർഡുകളിൽ ചെങ്കോടി പാറിയിരുന്നെങ്കിൽ 5 വർഷത്തിന് ശേഷം അത് 7239 ആയി ഇടിഞ്ഞു. അതേസമയം 1244 വാർഡുകൾ ഉണ്ടായിരുന്ന ബിജെപി 1600 ആയി ഉയർന്നു.ഇത് വലിയ മുന്നേറ്റമൊന്നുമല്ലെന്ന് അഭിപ്രായമുള്ളവർ ഉണ്ടാകാം. ശരിയാണ്. ബിജെപി 2500 സീറ്റുകളെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഒപ്പം തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും. അത് രണ്ടും നടന്നില്ല എന്നത് യാഥാർത്ഥ്യമാണ്.
പക്ഷേ എന്താണ് കോർപ്പറേഷനിൽ സംഭവിച്ചത്. അതായത് എന്തു കൊണ്ട് നമ്മൾ തോറ്റു. പ്രതിക്രിയാ വാതകവും കൊളോണിയലിസ്റ്റ് ചിന്താസരണികളും ഇല്ലാതെ പറയാം. ഇടത് വലത് ധാരണ. അൽപ്പം കൂടി ലളിതമായി പറഞ്ഞാൽ
രണ്ടു മുന്നണികളും തമ്മിൽ നടത്തിയ വോട്ട് കച്ചവടം. തോറ്റു കഴിഞ്ഞാൽ ആരും പറയുന്ന ന്യായം എന്ന് ചിന്തിക്കാൻ വരട്ടെ. ചില കണക്കുകൾ പറയാം. അപ്പോൾ വിശ്വാസമാകും. ഇടത് വലത് വോട്ട് കച്ചവടം മൂലം കുറഞ്ഞത് 10 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്.
1. കോർപ്പറേഷനിലെ 57-ാമത്തെ വാർഡായ പുഞ്ചക്കരി. ബിജെപി നേമം മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജിയാണ് ബിജെപിക്ക് വേണ്ടി അവിടെ മത്സരിക്കാനിറങ്ങിയത്.
കവിഞ്ഞ തവണ യുഡിഎഫ് 2372 വോട്ടു നേടി 630 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡാണിത്. ഇത്തവണ അവർക്ക് കിട്ടിയത് 711 വോട്ടുകൾ. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി 2212 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. 3203 വോട്ടുകളുമായി സിപിഎം വിജയിച്ചു.
2. വഴുതയ്ക്കാട് വാർഡ്.
ഡെപ്യൂട്ടി മേയർ സിപിഐ സ്ഥാനാർത്ഥി രാഖി രവികുമാറിന്‍റെ വാർഡ്. കഴിഞ്ഞ തവണ വെറും 27 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കടന്നു കൂടിയ രാഖി ഇത്തവണ 364 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 1290 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 894 വോട്ടുമായി മൂന്നാമതായി. ഇവിടെയും രണ്ടാമത് ബിജെപി എത്തി.
3. പട്ടം. ബിജെപിയ്ക്ക് നഷ്ടമായ സിറ്റിംഗ് സീറ്റ്. കഴിഞ്ഞ തവണ 1503 വോട്ട് നേടിയ യുഡിഎഫ് ഇത്തവണ 894 വോട്ടുമായി മൂന്നാമതയാപ്പോൾ ബിജെപിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
4. കുറവൻകോണം വാർഡ്. ഇവിടെ സിപിഎം വോട്ടുകൾ ആര്‍ എസ് പിയിലേക്കാണ് ഒഴുകിയത്. അങ്ങനെ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ 1134 വോട്ടുകൾ ഉണ്ടായിരുന്ന ഇടത് മുന്നണിക്ക് ഇത്തവണ 635 വോട്ട് മാത്രം. ഫലം ബിജെപിക്ക് രണ്ടാം സ്ഥാനം.
5. അടുത്തത് മുട്ടത്തറ. കവിഞ്ഞ തവണ 1258 വോട്ടുകൽ നേടിയ കോൺഗ്രസിന് ഇത്തവണ കിട്ടിയത് വെറും 540 വോട്ട് മാത്രം. ഇവിടെയും ജയം സിപിഎമ്മിന്. ബിജെപിക്ക് രണ്ടാം സ്ഥാനം
6. പൂങ്കുളം. കഴിഞ്ഞ തവണ മുസ്ലീം ലീഗ് 1390 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയ വാർഡ്. ഇത്തവണ 922 മാത്രം.ജയം സിപിഎമ്മിന് ബിജെപിക്ക് രണ്ടാം സ്ഥാനം.
7. ഞാണ്ടൂർകോണം. കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാർഡ്. മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസിന് 1667 വോട്ടുണ്ടായിരുന്നു. ഇത്തവണ വെറും 998 മാത്രം. ബിജെപിക്ക് സീറ്റ് നഷ്ടമായത് വെറും 29 വോട്ടിന്.
8. കവടിയാർ വാർഡ്. ബിജെപിക്ക് ജയം നിഷേധിക്കപ്പെട്ടത് കപ്പിനും ചുണ്ടിനുമിടയിൽ. ഇവിടെ 3 പോസ്റ്റൽ വോട്ടുകൾ എണ്ണാതെ പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പടെ ഒത്തുകളിച്ചതോടെ ബിജെപി പരാജയം 1 വോട്ടിന്.
9. മുട്ടത്തറ വാർഡ്. കഴിഞ്ഞ തവണ കോൺഗ്രസിന് കിട്ടിയത് 1258 വോട്ടുകൾ. ഇത്തവണ യുഡിഎഫിന് വേണ്ടി സിഎംപി മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും 540 വോട്ടുകൾ മാത്രം. വീണ്ടും ബിജെപി രണ്ടാം സ്ഥാനത്ത്.
10. വലിയശാല. ബിജെപിയുടെ സിറ്റിംഗ് സീറ്റ് ഇത്തവണ നഷ്ടമായത് 57 വോട്ടിന്. കഴിഞ്ഞ തവണ 961 വോട്ടു പിടിച്ച കോൺഗ്രസ് ഇത്തവണ 532 ലേക്ക് ഒതുങ്ങി. അതോടെ വിജയം സിപിഎമ്മിന്.
ഇത്രയും ഇരുവരും ഒത്തുകളിച്ച് ബിജെപിയെ തോൽപ്പിച്ച സീറ്റുകൾ. രണ്ടു കൂട്ടരും ഒത്തു പിടിച്ചിട്ടും ബിജെപി അട്ടിമറി വിജയം നേടിയ ഒരു വാർഡിനെപ്പറ്റി കൂടി അറിയണം. നെടുങ്കാട്. സിപിഎമ്മിന്‍റെ മേയർ സ്ഥാനാർത്ഥി പുഷ്പലതയ്ക്കായി കോൺഗ്രസ് വോട്ടുകൾ മുഴുവൻ നൽകിയിട്ടും ഇവിടെ താമര വിരിഞ്ഞു. കഴിഞ്ഞ തവണ 1169 വോട്ടുകൾ നേടിയ കോൺഗ്രസിന് ഇത്തവണ കിട്ടിയത് 74 വോട്ട് മാത്രം. എന്നിട്ടും ബിജെപിയുടെ കരമന അജിത്തിനെ പിടിച്ചു കെട്ടാൻ ആയില്ല എന്ന് മാത്രം.
ഇതാണ് കോർപ്പറേഷനിൽ സംഭവിച്ചത്.
ഇങ്ങനെ ജനഹിതത്തെ രണ്ടു പേരും ചേർന്ന് അട്ടിമറിച്ചില്ലായിരുന്നുവെങ്കിൽ ബിജെപി 45 സീറ്റുമായി കോർപ്പറേഷൻ ഭരിച്ചേനേ. അതായത് സിപിഎമ്മിന് മേനി നടിക്കാൻ ഒന്നുമില്ലെന്ന് ചുരുക്കം. ബിജെപി വിജയം തടയാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി വെളിപ്പെടുത്തിയതിന്‍റെ ഗുട്ടൻസ് പിടികിട്ടിയല്ലോ?...
https://www.facebook.com/Malayalivartha