'ഒന്നോർക്കേണ്ടത് ഭാരതീയ ഭരണഘടന ഒരു ജാതിക്കും മതത്തിനും വിശ്വാസത്തിനും പ്രത്യേകത കൽപ്പിച്ചിട്ടില്ല, ആർക്കും തീറെഴുതിയിട്ടുമില്ല എന്നതാണ്...' ഡോക്ടർ ഷിംന അസീസ് കുറിക്കുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ ബിജെപിക്ക് സംസ്ഥാനത്ത് കൂടുതൽ വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതിന്റെ വിജയാഘോഷത്തില്‍ ജയശ്രീറാം എന്നെഴുതിയ ഫ്‌ലക്‌സ് തൂക്കിയത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെപ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടനവധിപേരാണ് രംഗത്ത് എത്തിയത്. എന്നാൽ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
"ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ആദ്യ ചിത്രമാണിത്. ഭഗവാൻ ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം യുദ്ധാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുന്നു. പാലക്കാട് നഗരസഭയിൽ ജയ് ശ്രീരാം ബാനർ കണ്ട് അങ്കക്കലി പൂണ്ടു നിൽക്കുന്നവരുടെ ശ്രദ്ധക്കാണ്" എന്ന് പറഞ്ഞ് കോപ്പി പേസ്‌റ്റ് കമന്റും ചിത്രവുമായി വന്ന ന്യായീകരണസംഘങ്ങളെ കണ്ടു. ലോകത്തിലെ ഏറ്റവും നീളമുള്ള ഭരണഘടനയാണ് ഇന്ത്യയിലേത്. ഡോ.ബി.ആർ അംബേദ്കറിന്റെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട നമ്മുടെ ഭരണഘടന ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കൈകളാൽ എഴുതപ്പെട്ടതാണ്. ഫ്രാൻസ്, യുഎസ്, ജപ്പാൻ, ജർമനി തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് കടംകൊണ്ട കാര്യങ്ങൾ അതിലുണ്ട്.
ഒറിജിനൽ കോപ്പി കൈകളാൽ എഴുതിയത് പ്രേം ബിഹാരി റൈസാദ എന്ന കാലിഗ്രഫറും ചിത്രങ്ങൾ ആലേഖനം ചെയ്‌തത് നന്ദലാൽ ബോസ് നേതൃത്വം നൽകിയ ശാന്തിനികേതനിലെ കലാകാരൻമാരായിരുന്നു.
ആ ചിത്രങ്ങളിൽ ഭരണഘടനയുടെ ആമുഖത്തിന് മുകളിൽ വരച്ചിരിക്കുന്ന രാമസീതാലക്ഷ്‌മണൻമാർ മാത്രമല്ല ഉള്ളത്. ടിപ്പു സുൽത്താനും ഝാൻസി റാണിയും മുഗൾ രാജാക്കൻമാരും അറബ് വ്യാപാരികളും ബുദ്ധഭിക്ഷുക്കളുമെല്ലാമുണ്ട്. ഇതിൽ റാണി ലക്ഷ്‌മിഭായ് അല്ലാത്ത ആരുടെ ചിത്രവും ഇന്നലെ പാലക്കാട് പ്രദർശിപ്പിച്ചത് പോലെ ഉപയോഗിച്ചിരുന്നെങ്കിൽ എന്തായേനേ സ്‌ഥിതി?
ശിവജിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ തന്നെ യെദിയൂരപ്പ സർക്കാർ ടിപ്പു ജയന്തി ആഘോഷം നിർത്തലാക്കിയിട്ടും കാലം അധികമായാട്ടില്ല. ജോധ അക്‌ബർ എന്ന സിനിമയോടുള്ള സമീപനവും മറിച്ചായിരുന്നില്ല. എന്നാൽ, ഒന്നോർക്കേണ്ടത് ഭാരതീയ ഭരണഘടന ഒരു ജാതിക്കും മതത്തിനും വിശ്വാസത്തിനും പ്രത്യേകത കൽപ്പിച്ചിട്ടില്ല, ആർക്കും തീറെഴുതിയിട്ടുമില്ല എന്നതാണ്.
ഇത് കൂടാതെ,1949 വർഷം ഒക്‌ടോബർ പതിനേഴാം തിയ്യതി ഭരണഘടനയെക്കുറിച്ചുള്ള ഭരണഘടനാനിർമാണസമിതിയുടെ ചർച്ചയിൽ, ഭരണഘടനയുടെ ആമുഖം 'ദൈവനാമത്തിൽ' എന്ന് തുടങ്ങണം എന്ന് H.V.കമ്മത്ത് ആവശ്യപ്പെട്ടപ്പോൾ അതിനെ എതിർത്ത് കൊണ്ട് ഹൃദയ് നാഥ് കുൻസ്രു "ഇന്ത്യ വിശ്വാസിയുടേതും അവിശ്വാസിയുടേതും നിരീശ്വരവാദിയുടേതുമാണ്" എന്ന് പറഞ്ഞത് ഭൂരിഭാഗവും അംഗീകരിക്കുകയായിരുന്നു. ഇത്രയും പറഞ്ഞത് ആരെയും ബോധ്യപ്പെടുത്താനല്ല, കോപ്പി പേസ്‌റ്റുകാർക്ക് വെളിവ് വരുമെന്ന് പ്രതീക്ഷയുമില്ല. തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഒരു കൂട്ടം സാധാരണക്കാരുടെ അറിവിലേക്കായി മാത്രമാണ്.
Dr. Shimna Azeez
https://www.facebook.com/Malayalivartha