കരുക്ക് മുറുക്കുന്നു... കോടതി വിധി തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ട് ചോദ്യം ചെയ്യലിന് ഹാജരായ സിഎം രവീന്ദ്രന്‍ ശരിക്കും വെള്ളം കുടിച്ചു; ഇഡിയുടെ പല ചോദ്യങ്ങളും കടുത്തെങ്കിലും രവീന്ദ്രന്‍ പിടികൊടുത്തില്ല; എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ഇഡിയുടെ നിര്‍ണായക നീക്കം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനെ 13 മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി വിട്ടയച്ചത്. ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെ തത്തിക്കളിച്ച രവീന്ദ്രനോട് ഒരുഘട്ടത്തില്‍ പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. സന്തോഷത്തോടെയിരുന്ന രവീന്ദ്രന്മേല്‍ ചോദ്യപ്പെരുമഴയാണ് ഇഡി സമ്മാനിച്ചത്. അതോടെ രവീന്ദ്രന് ക്ലീന്‍ ചിറ്റില്ല വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന അറിയിപ്പ് നല്‍കി പാതിരാത്രിയില്‍ വിട്ടയച്ചു.
സ്വത്തുക്കളെക്കുറിച്ച് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരംഭം. പിന്നീട് പാസ്‌പോര്‍ട്ട് വിവരങ്ങള്‍, വിദേശ യാത്രകള്‍ എന്നിവയിലേക്ക് ചോദ്യങ്ങള്‍ നീങ്ങി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ രവീന്ദ്രന്റെ ഭാര്യ വാടകയ്ക്ക് മണ്ണുമാന്തിയന്ത്രം നല്‍കിയതിനെക്കുറിച്ചും വിശദീകരണം തേടി. പല ചോദ്യങ്ങള്‍ക്കും രവീന്ദ്രന്‍ വിശദമായ മറുപടി നല്‍കിയില്ല.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെ രവീന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം സൂചനകള്‍ നല്‍കിയിട്ടില്ല.
നേരത്തെ ഈ മാസം പതിനേഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം രവീന്ദ്രന്‍ പല പ്രാവശ്യം വിളിച്ചതായി നേരത്തെ സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.
മുമ്പ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല. ആദ്യം നവംബര്‍ 6 ന് നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ മൂന്നാം വട്ടം നോട്ടീസയച്ചത്. അന്നും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി.
രവീന്ദ്രന്റേയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാനും ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങില്‍ ഇ.ഡി.പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സി.എം.രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് ഇ.ഡി. കത്തയക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിയിലും കൂടുതല്‍ തെളിവ് കണ്ടെത്താമെന്നുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.
തനിക്കെതിരായ ഇ.ഡിയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് അപേക്ഷിക്കുന്ന ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ രവീന്ദ്രന്‍ ചോദ്യംചെയ്യലിനു ഹാജരായത്. ഹര്‍ജി പിന്നീടു കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി നല്‍കുന്ന നോട്ടീസ് ചോദ്യംചെയ്യുന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണു കോടതി തീരുമാനം. രവീന്ദ്രന്‍ നിയമത്തിനു മുന്നില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി. ആരോപിച്ചു. ചോദ്യംചെയ്യലില്‍ അഭിഭാഷകനെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു.
ഇ.ഡി. കടുത്ത നടപടിക്കു തുനിഞ്ഞേക്കുമെന്നു കേട്ടതിനു പിന്നാലെയാണ് ഇന്നലെ അദ്ദേഹം ഇ.ഡി. ഓഫീസിലെത്തിയത്. കോടതിയുടെ വിമര്‍ശനം ഭയന്നാണ് ഇതെന്നു നിയമവൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും അല്ലാതെയും അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് രവീന്ദ്രനെതിരേയുള്ളത്. എന്തായാലും രവീന്ദ്രന് ഇഡി ക്ലീന്‍ ചിറ്റ് നല്‍കാതായതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്.
https://www.facebook.com/Malayalivartha