എന്റെ അഭ്യാസം കണ്ട് പേടിച്ചു... മുഖ്യമന്ത്രി പറഞ്ഞതിന് പിന്തുണയുമായെത്തിയ എ.കെ. ബാലനും സുധാകരന് കണക്കിന് കൊടുത്തു; ഞാന്‍ ചവിട്ടി എന്റെ അഭ്യാസം കണ്ട് പേടിച്ചു എന്ന് പറയുന്ന സുധാകരനെ പറ്റി എല്ലാവരും അറിയണം; അന്ന് ബ്രണ്ണന്‍ കോളേജില്‍ സുധാകരനെ പിടിച്ചുകെട്ടി പാന്റില്ലാതെ നടത്തിപ്പിച്ചു

പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള വാക്പയറ്റില്‍ കക്ഷി ചേര്‍ന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണം തുടക്കം മാത്രമെന്ന് എ.കെ.ബാലന്‍ പറഞ്ഞു.
പാര്‍ട്ടിക്കെതിരായ പരിഹാസത്തിന് ഒരു ഘട്ടം കഴിഞ്ഞാല്‍ ശക്തമായ മറുപടി നല്‍കും. സുധാകരന്‍ പറഞ്ഞത് ഇല്ലാത്ത കാര്യങ്ങളാണ്. ബിജെപി അധികാരത്തില്‍ വന്നാലും ഇടതുപക്ഷം വരരുതെന്നാണ് സുധാകരന്റെ നിലപാടെന്നും ബാലന്‍ പറഞ്ഞു.
പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല. പിണറായി വിജയന്‍ പോയതിനു ശേഷമാണ് സുധാകരന്‍ ബ്രണ്ണന്‍ കോളജില്‍ ചേരുന്നത്. അദ്ദേഹം ചേര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ കോളജില്‍ ചേരുന്നത്. ഞാന്‍ അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇയാള്‍ ബിഎക്കാരനാണ്.
കെഎസ്‌യുവിന്റെ കൂത്തരങ്ങായിരുന്നു ആ കോളജ്. ഒരു സമരം നടത്തിയാല്‍ വിജയിപ്പിക്കില്ല, ലോങ് ബെല്ല് അടിക്കാന്‍ സമ്മതിക്കില്ല, സമരവുമായി ബന്ധപ്പെട്ട് ആരെങ്കിലും വന്നാല്‍ അവരെ തല്ലും ഇങ്ങനെയുള്ള ഘട്ടം ഉണ്ടായിരുന്നു. അതിനെയെല്ലാം കെഎസ്എഫ് ചെറുത്തുനിന്നു. ഈ ഘട്ടത്തിലാണ് 1969ല്‍ ടി.വി.ബാലന്‍മാഷ് എന്ന് പറയുന്ന ഒരു ഇംഗ്ലിഷ് ലക്ചര്‍ ക്ലാസ് എടുക്കുന്ന സമയത്ത് ആ ക്ലാസ് ബഹിഷ്‌കരണത്തിനായി ഞാന്‍ പോയത്.
കെഎസ്‌യുകാര്‍ ക്ലാസ് ബഹിഷ്‌കരിക്കാന്‍ സമ്മതിച്ചില്ല. അന്നു സംസ്ഥാന അടിസ്ഥാനത്തില്‍ ക്ലാസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതാണ് പിണറായി വിജയന്‍ സെക്രട്ടറി ആയിട്ടുള്ള കെഎസ്എഫ്. കോളജിലെത്തിയ പിണറായി വിജയന്‍ ഞാനും സുധാകരനും തമ്മിലുള്ള ബഹളം കേട്ട് സയന്‍സ് ബ്ലോക്കില്‍ വന്നു. ഒരു തല്ലിന്റെ ഘട്ടം വന്ന സമയത്ത് അത് ഒഴിവായി. ആ ഒഴിവായതിന്റെ രംഗമാണ് പിണറായി സൂചിപ്പിച്ചതെന്നും ബാലന്‍ പറഞ്ഞു.
1969 തലശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌കോയ ബ്രണ്ണന്‍ കോളേജില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാന്‍ ശ്രമിച്ച പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത്. അന്ന് സി എച്ചിന് പിന്തുണയുമായി ചടങ്ങ് നടത്താന്‍ മുന്നില്‍ നിന്നവരാണ് ഞങ്ങള്‍.
സുധാകരന്റെ നേതൃത്വത്തില്‍ പ്രസംഗം തടയാന്‍ ഭയങ്കരമായ ബഹളം വച്ചു. സിഎച്ചിന് പ്രസംഗിക്കാന്‍ കഴിയാത്ത വിധം ബഹളം നീണ്ടു. ഞങ്ങള്‍ സിഎച്ചിന് വേണ്ടി മുദ്രാവാക്യം മുഴക്കി. അതോടെ സുധാകരന്‍ പേടിച്ചു. അന്നത്തെ വിദ്യാര്‍ത്ഥിയായ അസീസ് സുധാകരനെ പിടിച്ചു കെട്ടി പേന്റ് ഊരിപ്പിച്ച് കോളേജില്‍ നടത്തിപ്പിച്ചു. അതൊരുപരിതാപകരമായ അവസ്ഥയായിരുന്നു. ഇതൊക്കെ ഞങ്ങള്‍ പറയണമെന്ന് വിചാരിച്ചതല്ല പക്ഷെ ഞാന്‍ ചവിട്ടി, എന്റെ അഭ്യാസം കണ്ട് പേടിച്ചു, ഞാന്‍ കളരിയാണ് എന്നൊക്കെ പറയുമ്പോള്‍ പറയാതിരിക്കാന്‍ പറ്റില്ലെന്നും ബാലന്‍ പറഞ്ഞു.
അതേസമയം വാര്‍ത്താ സമ്മേളനത്തില്‍ അതിരൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചത്. കോളജില്‍വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 'അന്ന് സുധാകരന്‍ സമരത്തിന്റെ മുന്നിലുണ്ട്. സംഗതി കൈവിട്ടുപോയി. അന്ന് ഞാന്‍ ഇയാള്‍ക്ക് നേരെ നോക്കി എന്റെ കൈകൂട്ടിയിടിപ്പിച്ച് ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും പ്രയോഗിച്ചു.
അന്ന് ഇയാളുടെ സുഹൃത്തായിട്ടുള്ള ബാലന്‍ എന്റെ നേര്‍ക്ക് വന്ന് പറഞ്ഞു. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്ന്. അന്ന് ഞാന്‍ പറഞ്ഞു. പിടിച്ച് കൊണ്ടുപോടാ... ആരാ ഇവന്‍... അപ്പോള്‍ അവനെ ആളുകള്‍ പിടിച്ചുമാറ്റി. ഇതാണ് സംഭവിച്ചത്. അന്ന് കോളജ് വിട്ടൊരു വ്യക്തി എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ അവിടം കൊണ്ട് നിന്നതെന്നു സുധാകരന്‍ മനസ്സിലാക്കണം. ഓര്‍ത്താല്‍ നല്ലതെന്നുമാണ് പിണറായി പറഞ്ഞത്.
"
https://www.facebook.com/Malayalivartha