'തുടര്‍ച്ചയായി യോഗങ്ങളില്‍ പങ്കെടുത്തില്ല'; എം.എല്‍.എയുടെ സെനറ്റ് അംഗത്വം റദ്ദാക്കി കാലിക്കറ്റ് സര്‍വകലാശാല

യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്തതിനാല്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ സെനറ്റ് അംഗത്വം റദ്ദാക്കിയതായി കാലിക്കറ്റ് സര്‍വകലാശാല. 2019 ഡിസംബര്‍ 10 മുതല്‍ തുടര്‍ച്ചയായ ആറ് സെനറ്റ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് എം.എല്‍.എക്ക് രജിസ്ട്രാര്‍ അയച്ച കത്തില്‍ പറയുന്നു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ എം.എല്‍.എയാണ് പി. അബ്ദുല്‍ ഹമീദ്. തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗങ്ങളുടെ സെനറ്റ് അംഗത്വം ചട്ടപ്രകാരം റദ്ദാകുമെന്നതിനാലാണ് കത്ത് നല്‍കിയത്.
എം.എല്‍.എമാരുടെ പ്രതിനിധിയായാണ് ഇദ്ദേഹം സെനറ്റ് അംഗമായത്. യോഗങ്ങളില്‍ ഹാജരാകാതിരുന്നതിന് മതിയായ കാരണം ബോധിപ്പിച്ചാല്‍ സെനറ്റ് അംഗത്വം പുനഃസ്ഥാപിക്കും. അതേസമയം, ഇത്തരം വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു.
നിയമസഭ സമ്മേളനവും നിയമസഭ കമ്മിറ്റി യോഗവും ജില്ല വികസന സമിതി യോഗവുമുള്ള സമയത്ത് നടന്ന സെനറ്റ് യോഗങ്ങളിലാണ് ഹാജരാകാന്‍ കഴിയാഞ്ഞത്. അതത് സമയങ്ങളില്‍ ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചിട്ടുണ്ട്. അംഗത്വം റദ്ദാക്കിയതായ കത്ത് കിട്ടിയിട്ടില്ലെന്നും പി. അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















