അര്ജുന് ആയങ്കിയെ കുരുക്കിലാക്കി ഭാര്യ അമലയുടെയും സുഹൃത്ത് സജേഷിന്റെയും മൊഴികള്‍.... കൊടുംകുറ്റവാളിയായി തീരാന്‍ സാധ്യതയുള്ളയാളാണ് അര്‍ജുനെന്നും കസ്റ്റംസ്

അര്ജുന് ആയങ്കിയെ കുരുക്കിലാക്കി ഭാര്യ അമലയുടെയും സുഹൃത്ത് സജേഷിന്റെയും മൊഴികള്‍. അര്‍ജുന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇരുവരും നല്‍കിയ മൊഴി കസ്റ്റംസ് സാമ്പത്തിക കോടതിയില്‍ ഹാജരാക്കി.
അര്‍ജുന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ മൊഴികള്‍. കൊടുംകുറ്റവാളിയായി തീരാന്‍ സാധ്യതയുള്ളയാളാണ് അര്‍ജുനെന്നും കസ്റ്റംസ് വാദിച്ചു.
ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധിപറയും. അര്‍ജുന്റെ കള്ളക്കടത്ത് ഇടപാടുകളെ കുറിച്ച് അറിയാമെന്നാണ് ഭാര്യ അമല വെളിപ്പെടുത്തിയത്.
അര്‍ജുന്റെ സാമൂഹികവിരുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് തന്നിരുന്നു. വരുമാനസ്രോതസ്സിനെക്കുറിച്ച് ധാരണയില്ലെന്നും അമല വ്യക്തമാക്കി.കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമസ്ഥനായ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷും അര്‍ജുനെതിരേ മൊഴിനല്‍കിയിട്ടുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന സൂത്രധാരന്‍ അര്‍ജുനാണെന്ന് അറിയാമെന്നാണ് സജേഷിന്റെ മൊഴി. ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞതുകൊണ്ടാണ് കാറിന്റെ ഉടമസ്ഥാവകാശം മാറ്റണമെന്ന് അര്‍ജുനോട് ആവശ്യപ്പെട്ടത്.
എന്നാല്‍, അര്‍ജുന്‍ അതിന് തയ്യാറായില്ലെന്ന് സജേഷ് മൊഴി നല്‍കി. കസ്റ്റഡിയില്‍ അര്‍ജുന് മര്‍ദനമേറ്റെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് കസ്റ്റംസ് വാദിച്ചു. കണ്ണൂര്‍ ആസ്ഥാനമായി അര്‍ജുന്റെ നേതൃത്വത്തില്‍ ഒന്നിലധികം സംഘങ്ങളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























