നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവം; ഫേസ് ബുക്കില്‍ നിന്നുള്ള വിശദമായ രേഖകള്‍ ഇല്ലാതെ തന്നെ അമ്മയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാൻ പൊലീസിന് നിയമോപദേശം; രേഷ്മയ്ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു മുമ്പ് കുറ്റപത്രം കോടതിയിൽ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കല്ലുവാതുക്കല്‍ ഊഴായ്ക്കോട്ട് നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ അമ്മയ്‌ക്കെതിരെയുള്ള തെളിവായി ഫേസ് ബുക്കില്‍ നിന്നുള്ള വിശദമായ രേഖകള്‍ ഇല്ലാതെ തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. അമ്മ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ റിമാന്‍ഡിലാണ്.
ഫേസ് ബുക്കിലൂടെ സൗഹൃദം പുലര്‍ത്തിയിരുന്ന കാമുകന്‍ അനന്തുവിനൊപ്പം പോകാനാണ് ഗര്‍ഭവും പ്രസവവും ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും മറച്ചുവച്ചതെന്നും കുഞ്ഞിനെ ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും രേഷ്മ മൊഴി നല്‍കിയിരുന്നു.ഫേസ്ബുക്ക് കാമുകന്‍ കുഞ്ഞിനെ ഉപേക്ഷിക്കാനോ കൊല്ലാനോ പ്രേരിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഫേസ്ബുക്കിലെ രേഖകളില്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
അനന്തുവെന്ന അക്കൗണ്ടുകളില്‍ ഒരെണ്ണം കേസന്വേഷണത്തിനിടെ ആത്മഹത്യ ചെയ്ത ഉറ്റബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവര്‍ വ്യാജമായി തയ്യാറാക്കിയതായിരുന്നു.ഇതേപേരില്‍ മൂന്ന് അക്കൗണ്ടുകള്‍ വേറെയും ഉണ്ടായിരുന്നു.
കേസില്‍ കോടതിയില്‍ നിന്ന് രേഷ്മയ്ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു മുമ്ബ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ ജബ്ബാര്‍ പറഞ്ഞു. ജനുവരി 5ന് പുലര്‍ച്ചെയായിരുന്നു നവജാതശിശുവിനെ റബര്‍ മരങ്ങള്‍ക്കിടയിലെ കരിയിലക്കൂട്ടത്തില്‍ കാണപ്പെട്ടത്. ന്യുമോണിയ ബാധിച്ച കുഞ്ഞ് അന്നു രാത്രിയോടെ മരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























