ഇത്രയ്‌ക്കൊക്കെ പറ്റോ... സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കൊലപാതക രാഷ്ട്രീയങ്ങളെ തള്ളിപ്പറഞ്ഞു; ആശയങ്ങളെ നേരിടേണ്ടത് ജീവനെടുത്തുകൊണ്ടല്ല; കുറ്റവാളികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണം

സംസ്ഥാനം ഭരിച്ച മറ്റേതൊരു ഗവര്‍ണറെക്കാളും ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രശ്‌നങ്ങളിലിടപെടുകയാണ്. സ്ത്രീധന പീഡനത്തിനിരയായി മരണമടഞ്ഞ പെണ്‍കുട്ടികളുടെ വീട്ടിലെത്തി ശക്തമായ സന്ദേശമാണ് നല്‍കിയത്. ഇപ്പോഴിതാ കൊലപാതക രാഷ്ട്രീയത്തേയും ഗവര്‍ണര്‍ ശക്തമായ ഭാഷയില്‍ തള്ളിപ്പറയുകയാണ്.
തിരുവല്ലയില്‍ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രംഗത്തെത്തി. വ്യത്യസ്ത ആശയങ്ങളെ നേരിടേണ്ടത് ജീവനെടുത്തുകൊണ്ടല്ല എന്നും കുറ്റവാളികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം നോക്കാതെയുള്ള ഗവര്‍ണറുടെ പ്രതികരണം ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൊലപാത രാഷ്ട്രീയത്തില്‍ കേരളം വളരെയധികം വേദനിക്കുകയാണ്. അത് പെരിയയാണെങ്കിലും ശരി വെഞ്ഞാറമൂടാണെങ്കിലും ശരി കണ്ണൂരാണെങ്കിലും ശരി. ഏത് പാര്‍ട്ടിയിലുള്ളവര്‍ കൊല്ലപ്പെട്ടാലും അവരുടെ കുടുംബത്തിന്റെ അവസ്ഥ പരമ ദയനീയമാണ്.
തിരുവല്ലയിലെ ചാത്തങ്കരിയില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊന്നത്. നെഞ്ചില്‍ ഒന്‍പത് കുത്തേറ്റ സന്ദീപിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള മുറിവായതിനാല്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന പൊലീസിന്റെ വാദത്തെ തള്ളിയ സിപിഎം, സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സംഘപരിവാറാണെന്നും ആവര്‍ത്തിച്ചു. എന്നാല്‍ സിപിഎമ്മിന്റെ ആരോപണങ്ങള്‍ തള്ളിയ ബിജെപി, പ്രതികളില്‍ രണ്ടുപേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ചു.
അതേസമയം സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്.ഐ.ആര്‍. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും എഫ്.ഐ,ആറില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സന്ദീപിനോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി.
കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വെച്ചായിരുന്നു പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ഒരു സംഘം കൊല്ലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്.
ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേര്‍ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരാണ് കേസിലെ പ്രതികള്‍.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരില്‍ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്.
https://www.facebook.com/Malayalivartha