സഹകരണ വകുപ്പ് നിർമ്മിച്ച 40 കെയർ ഹോമുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറി;ഇതുപോലെ തന്നെ ഒരുമിച്ച് ഒറ്റക്കെട്ടായി വികസനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്കും നമുക്കു മുന്നേറേണ്ടതുണ്ട്;അതിനായി കൂടുതൽ ഐക്യത്തോടെയും കരുത്തോടെയും നമുക്ക് മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സഹകരണ വകുപ്പ് നിർമ്മിച്ച 40 കെയർ ഹോമുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറിയെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;സഹകരണ വകുപ്പ് നിർമ്മിച്ച 40 കെയർ ഹോമുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറി.
കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിനു സഹകരണ പ്രസ്ഥാനങ്ങൾ എത്രമാത്രം അനിവാര്യമാണെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്ന ഈ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് കെയർ ഹോമുകൾ നിർമ്മിച്ചിരിക്കുന്നത്.
2 നിലകളുള്ള പത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന ഈ ഭവനസമുച്ചയത്തോടൊപ്പം കുട്ടികള്‍ക്കുള്ള കളിസ്ഥലം, അംഗനവാടി, കമ്മ്യൂണിറ്റി ഹാള്‍, വായനശാല, മാലിന്യസംസ്‌ക്കരണ കേന്ദ്രം, പാര്‍ക്കിംഗ് ഏരിയ, പൂന്തോട്ടം എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
'ഭവനരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യസാക്ഷാൽക്കാരത്തിനായി എൽ.ഡി.എഫ് സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി കരുത്തു പകരുന്നു. ഭവന നിർമ്മാണ പദ്ധതികളുടെ ഭാഗമാകാൻ നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും മുന്നോട്ടു വരുന്നു എന്നത് ആവേശം പകരുന്ന കാര്യമാണ്. ഇതുവഴി ജനപങ്കാളിത്തത്തിൻ്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കേരളം ഒരു രണ്ടാംഘട്ട വികസനത്തിലേക്കു കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണിപ്പോൾ. അതിനായുള്ള നിലമൊരുക്കലാണ് കഴിഞ്ഞ 5 വര്‍ഷം എൽഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അടിസ്ഥാന സൗകര്യ മേഖലകള്‍ ലോകനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു.
സമസ്ത വിഭാഗം ജനങ്ങളും ഇതിൻ്റെ ഗുണഭോക്താക്കളാവുകയും പരസ്പര സഹകരണത്തോടെ ജീവിതവും ജീവനോപാധികളും കെട്ടിപ്പടുക്കാന്‍ ഒരുമിക്കുകയും ചെയ്തു. ഇതുപോലെ തന്നെ ഒരുമിച്ച് ഒറ്റക്കെട്ടായി വികസനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്കും നമുക്കു മുന്നേറേണ്ടതുണ്ട്. അതിനായി കൂടുതൽ ഐക്യത്തോടെയും കരുത്തോടെയും നമുക്ക് മുന്നോട്ടു പോകാം.
https://www.facebook.com/Malayalivartha